തൃക്കരിപ്പൂര്‍: പടന്നയില്‍ വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണവും 25000 രൂപയും കവര്‍ന്നു. ശനിയാഴ്ച രാത്രി കെ.സി. മുഹമ്മദ്കുഞ്ഞി ഹാജിയുടെ വീട് കുത്തിത്തുറന്നാണ് മോഷണം. 25 പവന്‍ സ്വര്‍ണാഭരണങ്ങളും 25,000 രൂപയും കവരാന്‍ മോഷ്ടാക്കള്‍ ചെലവഴിച്ചത് വെറും 25 മിനിട്ടുകള്‍ മാത്രം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വീട്ടുകാര്‍ എത്തുമ്പോഴേക്കും മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. മോഷ്ടാക്കളുടേതെന്ന് കരുതുന്ന ബൈക്കും ചെരുപ്പുകളും കണ്ടെത്തി. വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്നാണ് ആഭരണങ്ങളും പണവും കവര്‍ന്നത്.
തൊട്ടടുത്ത വീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാനായി വീട്ടിലെ സ്ത്രീകള്‍ 8.15ന് പുറപ്പെട്ടിരുന്നു. തുടര്‍ന്ന് 8.45നാണ് മുഹമ്മദ് കുഞ്ഞി ഹാജി വിവാഹത്തിന് പോയത്. ആദ്യം പോയ സ്ത്രീകളുടെ സംഘം 9.10ന് തിരിച്ചെത്തുമ്പോഴാണ് മുന്‍വശത്തെ വാതില്‍ തുറന്നനിലയില്‍ കണ്ടത്. സംശയം തോന്നിയ വീട്ടുകാര്‍ ഒച്ചവെക്കുമ്പോഴേക്കും മോഷ്ടാക്കള്‍ ഇറങ്ങി ഓടി. ബഹളം കേട്ട് സമീപവാസികള്‍ വന്ന് തിരച്ചില്‍ നടത്തിയപ്പോള്‍ വീടിന് സമീപത്തെ റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ ബൈക്കും തൊട്ടടുത്ത വീട്ടു പറമ്പില്‍നിന്ന് ചെരുപ്പുകളും കണ്ടെത്തി. ബൈക്കിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തി. നമ്പര്‍ എറണാകുളത്തെ സ്‌കൂട്ടറിന്റേതാണ് കാണിക്കുന്നത്. എസ്.ഐ. വിപിന്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസും നാട്ടുകാരും സമീപ പ്രദേശങ്ങളില്‍ രാത്രിയില്‍ പരിശോധന നടത്തി.
Post Your Comments