ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് പെയ്‌മെന്റ് സേവനവുമായി ബന്ധപ്പെട്ട് നടക്കുന്ന കേസില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് റിസര്‍വ് ബാങ്കിനോട് കേസില്‍ കക്ഷി ചേരാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. വാട്‌സ്ആപ്പിലൂടെ പെയ്‌മെന്റുകള്‍ നടത്തുന്നതിനുള്ള പദ്ധതിക്കെതിരെ സെന്റര്‍ ഫോര്‍ അക്കൗണ്ടബിലിറ്റി ആന്‍ഡ് സിസ്റ്റമാറ്റിക്ക് ചെയ്ഞ്ച് (CASC) നല്‍കിയ പെറ്റീഷന്റെ അടിസ്ഥാനത്തിലാണ് നടപടി. പണകൈമാറ്റത്തിന്റെ ആര്‍.ബി.ഐയുടെ ചട്ടങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാതെയാണ് ആപ്പ് സേവനം നല്‍കുന്നതെന്ന് സി.എ.എസ്.സി വാദിക്കുന്നു.
കേസില്‍ മാര്‍ച്ച് 5ന് കോടതി വാദം കേള്‍ക്കും. ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍, വിനീത് സരണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ആര്‍.ബി.ഐക്ക് ഇതു സംബന്ധിച്ച നോട്ടീസ് നല്‍കിയിരിക്കുന്നത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും, എന്‍.ജി.ഒക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിരാഗ് ഗുപ്തയും ഡാറ്റ ലോക്കലൈസേഷനുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ആര്‍.ബി.ഐ കക്ഷി ചേരേണ്ടത് അത്യാവശ്യമാണെന്ന് വാദിക്കുന്നു. ഐ.ടി റൂള്‍ 2011ന് വിരുദ്ധമായി, ഗ്രീവന്‍സ് ഓഫീസറെ നിയമിക്കുന്നതുള്‍പ്പടെയുള്ള ഇന്ത്യന്‍ നിയമങ്ങള്‍ വാട്‌സ്ആപ്പ് പാലിച്ചിട്ടില്ലെന്നും പരാതിയുണ്ട്. ഇന്ത്യയുടെ പരമാധികാരത്തിന് വെല്ലുവിളിയായി കൊണ്ടാണ് ഇത്തരം വിദേശ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്നും എന്‍.ജി.ഒ പറയുന്നു.
Post Your Comments