ടോക്കിയോ: ജപ്പാനില്‍ അപൂര്‍വ്വ ഇനങ്ങളില്‍പ്പെട്ട മീനുകള്‍ ചത്തുപൊങ്ങിയതിനെ തുടര്‍ന്ന് വരാനിരിക്കുന്നത് ലോകാവസാനമെന്ന് വ്യാപക പ്രചരണം. കഴിഞ്ഞ ദിവസങ്ങളില്‍ ‘ഓര്‍ഫിഷ്’ എന്ന മത്സ്യത്തെ കടല്ക്കരയില് ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഓര്‍ഫിഷ് ദുഃ സൂചന നല്കുന്ന നിമിത്തമെന്നാണ് ജാപ്പനീസ് വിശ്വാസവും നാടോടി കഥകളും പറയുന്നത്. ടോയാമയിലെ ഇമിസു കടല്‍തീരത്താണ് ആദ്യം നാല് മീറ്റര്‍ നീളമുളള ഓര്‍ഫിഷിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് ലോകവാസാനത്തിന്റെ സൂചനയെന്ന രീതിയില്‍ പ്രചരണം ആരംഭിച്ചത്.
‘കടല്‍ ദൈവത്തിന്റെ കൊട്ടാരത്തിലെ ദൂതന്’ എന്ന് ജപ്പാന്‍കാര്‍ വിശ്വസിക്കുന്ന ഓര്‍ഫിഷ് കടലിന്റെ 3000ത്തില്‍ കൂടുതലടി താഴ്ച്ചയിലാണ് ജീവിക്കുന്നത്. ഈ മീനുകളെ കാണുകയാണെങ്കില്‍ സുനാമിയോ ഭൂമികുലുക്കമോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജപ്പാനിലെ ജനങ്ങള്‍ വിശ്വസിക്കുന്നു. തൊഹോക്കുവില്‍ 2011 ല്‍ ഭൂമിക്കുലുക്കം ഉണ്ടാകുന്നതിന് മുന്‍പ് ഈ മീനുകള്‍ ചത്തുപൊങ്ങിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. റിക്ടര്‍ സ്കെയിലില്‍ ഒന്‍പത് രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു അന്നുണ്ടായത്. . ഭൂമികുലുക്കത്തെ തുടര്‍ന്ന് അന്ന് 19000 പേരുടെ മരണത്തിന് ഇടയാക്കിയ സുനാമിയും ഉണ്ടായി.
Post Your Comments