ഛണ്ഡീഗഡ്: ആസ്‌ട്രേലിയയില്‍ വിസ ലഭിക്കുന്നതിന് വേണ്ടി സഹോദരനും സഹോദരിയും തമ്മില്‍ വിവാഹിതരായി. ആസ്‌ട്രേലിയയില്‍ വിസ ലഭിക്കാനാണ് സഹോദരി വിസയുള്ള സഹോദരനെ വിവാഹം ചെയ്തത്. ദമ്പതികളില്‍ ഒരാള്‍ക്ക് വിസയുണ്ടെങ്കില്‍ മറ്റെയാള്‍ക്ക് ആസ്‌ട്രേലിയയില്‍ വിസ ലഭിക്കാന്‍ എളുപ്പമാണെന്ന് മനസിലാക്കിയാണ് സഹോദരങ്ങള്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്.
ഇവരുടെ അച്ഛനും അമ്മയും സഹോദരനും മുത്തശ്ശിയും ഉള്‍പ്പെടുന്ന കുടുംബാംഗങ്ങളെല്ലാം ആസ്‌ട്രേലിയയിലാണ് സ്ഥിരതാമസം. 2012 ലാണ് ഇവര്‍ വിവാഹിതരായത്. എന്നാല്‍ സംഭവം ബന്ധുക്കള്‍ അറിഞ്ഞതോടെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. വിവാഹത്തിന് വേണ്ടി സഹോദരിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട്, പാസ്‌പോര്‍ട്ട് തുടങ്ങിയ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും ബന്ധുക്കളുടെ പരാതിയില്‍ പറയുന്നു.
പഞ്ചാബിലെ ഗുരുദ്വാറില്‍ വച്ചാണ് ഉരുവരും വിവാഹിതരായത്. അതിന് സമീപമുള്ള രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വിവാഹം രേഖപ്പെടുത്തുകയും ചെയ്തു. പിന്നീട് ആസ്‌ട്രേലിയയിലേക്ക് പോകാനുള്ള വിസയ്ക്ക് അപേക്ഷിക്കുകയും വിസ ലഭിക്കുകയും ചെയ്തു. എന്നാല്‍ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ നിയമ വ്യവസ്ഥയെ കബളിപ്പിച്ചതാണെന്ന് മനസിലായി. എന്നാല്‍ ഇതുവരെയും ഈ സഹോദരങ്ങളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
Post Your Comments