ലോക്സഭ തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടു കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച ഇടക്കാല ബഡ്ജറ്റ് വെറും തട്ടിപ്പാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപി അഭിപ്രായപ്പെട്ടു. നാലേമുക്കാല്‍ വര്‍ഷക്കാലം അധികാരം കൈയ്യാളിയ കേന്ദ്ര സര്‍ക്കാര്‍ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ കഷ്ടിച്ച് ഒരു മാസം മാത്രം ബാക്കി നില്‍ക്കെ വോട്ടര്‍മാരുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി ധനവകുപ്പിന്‍റെ ചുമതല വഹിക്കുന്ന മന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബഡ്ജറ്റ് ഒരു തമാശയായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂവെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
2019 ജൂണില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ആ സര്‍ക്കാരിലെ ധനവകുപ്പ് മന്ത്രി അവതരിപ്പിക്കേണ്ട ബഡ്ജറ്റാണ് 2019-20 ലെ ബഡ്ജറ്റായി കണക്കാക്കുന്നത്. ഇപ്പോള്‍ ലോക്സഭയില്‍ അവതരിപ്പിച്ച ബഡ്ജറ്റിന് അല്പായുസ്സ് മാത്രമേയുള്ളൂ. ഈ ഇടക്കാല ബഡ്ജറ്റില്‍ പ്രഖ്യാപിച്ച യാതൊരു പ്രഖ്യാപനവും നടപ്പാക്കാന്‍ പോകുന്നില്ലെന്നു മാത്രമല്ല ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളുടെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭിക്കാനും പോകുന്നില്ലെന്നും എം.പി പറഞ്ഞു.
ഉത്തരേന്ത്യയിലെ മൂന്ന് പ്രധാന സംസ്ഥാനങ്ങളായ രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ ദയനീയ പരാജയത്തെ തുടര്‍ന്ന് ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട ഈ സര്‍ക്കാര്‍ ജനരോക്ഷത്തെ മറികടക്കാന്‍ വേണ്ടി പുതിയ പ്രഖ്യാപനങ്ങളുമായി ബഡ്ജറ്റ് അവതരിപ്പിച്ചത്. ബഡ്ജറ്റിന് മുമ്പ് രാജ്യത്തിന്‍റെ പൊതു സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തുന്ന സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ വെയ്ക്കാതെയും രാജ്യത്ത് കുമിഞ്ഞു കൂടിയ തൊഴിലില്ലായ്മയുടെ കണക്ക് വെളിച്ചത്തു കൊണ്ടു വന്ന നാഷണല്‍ സാമ്പിള്‍ സര്‍വ്വേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാതെയുമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഈ ബഡ്ജറ്റ് ലോക്സഭയില്‍ അവതരിപ്പിച്ചത്.
തെരഞ്ഞെടുപ്പിനെ മാത്രം ലക്ഷ്യമാക്കി നടപ്പാക്കാന്‍ കഴിയാത്ത പദ്ധതികള്‍ പ്രഖ്യാപിച്ചു കൊണ്ട് ധനകാര്യമന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ബഡ്ജറ്റ് ജനങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളയും. കൃഷിക്കാര്‍ക്ക് മാസം 500 രൂപ കണക്കിന് വര്‍ഷത്തില്‍ 6000 രൂപ സഹായം പ്രഖ്യാപിക്കുന്നത് വെറും തട്ടിപ്പ് മാത്രമാണെന്നും കൊടിക്കുന്നില്‍ സുരേഷ് അഭിപ്രായപ്പെട്ടു.
കര്‍ഷക രോഷം ആളിക്കത്തുമ്പോള്‍ അവരുടെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടി 500 രൂപ അശ്വാസം പ്രഖ്യാപിച്ച് സര്‍ക്കാര്‍ തടിതപ്പിയിരിക്കുകയാണ്. ബാങ്കുകളില്‍ നിന്നും കര്‍ഷക വായ്പ എടുത്ത കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാത്തതിനെ തുടര്‍ന്ന് വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ ജപ്തി ഭീഷണി നേരിടുകയാണ്. ഈ വായ്പകള്‍ എഴുതി തള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ ബഡ്ജറ്റില്‍ പ്രഖ്യാപനം നടത്താതെ 500 രൂപയുടെ ആശ്വസം കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ചത് അപഹാസ്യമാണെന്നും കൊടിക്കുന്നില്‍ സുരേഷ ്എം.പി പറഞ്ഞു.
പട്ടികജാതി ജനവിഭാഗങ്ങള്‍ക്ക് യാതൊരു മെച്ചവുമില്ലാത്ത ബഡ്ജറ്റാണിത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന യാതൊരു പദ്ധതിയും ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ലെന്നു കൊടിക്കുന്നില്‍ സുരേഷ് എം.പി കുറ്റപ്പെടുത്തി. യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ പാവപ്പെട്ടവര്‍ക്കായി ആവിഷ്കരിച്ച മഹാത്മാഗാന്ധി ദേശിയ തൊഴിലുറപ്പ് പദ്ധതി പോലുള്ള ഒരു പുതിയ പദ്ധതിയും ഈ സര്‍ക്കാര്‍ കഴിഞ്ഞ നാല് വര്‍ഷമായി കൊണ്ടുവന്നിട്ടില്ല. ദേശിയ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലാളികളുടെ കൂലി കൂട്ടുവാനോ, തൊഴില്‍ ദിനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനോ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മോദി സര്‍ക്കാര്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളെക്കാള്‍ സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട പ്രയോജനം ചെയ്യുന്ന മിനിമം വേജസ് പദ്ധതി കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത് യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
Post Your Comments