ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം ശുഷ്‌കാന്തിയോടെ കാര്യക്ഷമതയോടെ ചെയ്യുന്ന വ്യക്തി എന്ന പ്രതീക്ഷയുണ്ട് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമിനില്‍. മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അവര്‍ ആ വിശ്വാസം നേടിയെടുത്തിരിക്കുന്നത്. ഇപ്പോള്‍ എഴുപത് മിനിട്ടിലധികം നീണ്ടുനിന്ന് കന്നി ബജറ്റില്‍ നിര്‍മല സീതാരാമന്‍ എങ്ങനെയൊക്കെയാണ് സാധാരണക്കാരുടെ പ്രതീക്ഷയും നിരാശയുമാകുന്നതെന്ന് കൂടി നോക്കാം. ഇന്ദിരാഗാന്ധിക്ക് ശേഷം ഇന്ത്യയുടെ സാമ്പത്തിക ഭാവിയെക്കുറിച്ചും വികസനത്തെക്കുറിച്ചും പ്രതീക്ഷകളും വാഗ്ദാനങ്ങളും ഉറപ്പും നല്‍കുന്ന ആദ്യവനിതയാണ് നിര്‍മല സീതാരാമെന്ന് കൂടി അറിയേണ്ടിയിരിക്കുന്നു.
അതിശയോക്തികളോ അമിത വാഗ്ദാനങ്ങളോ ഇല്ലാതെ യാഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള ബജറ്റെന്ന് വേണമെങ്കില്‍ നിര്‍മലയുടെ ബജറ്റിനെ വിശേഷിപ്പിക്കാം. ആര്‍ക്കും അമിത പ്രതീക്ഷയോ സങ്കടമോ നല്‍കാതെ ഒന്നാം മോദി സര്‍ക്കാര്‍ തുടങ്ങിവച്ച വികസനങ്ങള്‍ക്ക് പിന്തുടര്‍ച്ച നല്‍കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളതെന്നാണ് പൊതുവേ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏതെങ്കിലും പ്രത്യേക മേഖലക്കോ പദ്ധതിക്കോ അധികപ്രാധാന്യം നല്‍കിയില്ല എന്നതാണ് ബജറ്റിനെക്കുറിച്ച് ആദ്യമുയരുന്ന അഭിപ്രായം. അതുകൊണ്ട് തന്നെ കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ക്ക് നേരെ കേന്ദ്രസര്‍ക്കാര്‍ കണ്ണടച്ചു എന്ന ആക്ഷേപവും ബജറ്റിന് പിന്നാലെയെത്തി. നികുതിയിളവിന്റെ കാര്യത്തില്‍, ശമ്പളം / പ്രൊഫഷണല്‍ മധ്യവര്‍ഗം ആകാംക്ഷയോടെ കാത്തിരുന്നെങ്കിലും ആദായനികുതി സ്ലാബ് നിരക്കുകളില്‍ മാറ്റമില്ലാതെ തുടര്‍ന്നു. എന്നാല്‍ നിരവധി നികുതിദായകരെ ബാധിച്ചേക്കാവുന്ന പുതിയ ആദായനികുതി നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു.
ചെറുകിടക്കാരുടെയും മിഡില്‍ ക്ലാസിന്റെയും നികുതി ഭാരം ലഘൂകരിക്കാനുള്ള കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സര്‍ക്കാരിന്റെ ശ്രമം എടുത്തുപറഞ്ഞ കേന്ദ്രധനമന്ത്രി രണ്ട് മുതല്‍ അഞ്ച് കോടി വരെ വരുമാനമുള്ള അതിസമ്പന്നവിഭാഗത്തില്‍പ്പെട്ടവരുടെ സര്‍ചാര്‍ജ് 3 ശതമാനമായും ഏഴ് കോടിയില്‍ കവിയുന്നവര്‍ക്ക് 7 ശതമാനമായും ഉയര്‍ത്തി നികുതി പിരിവ് വര്‍ദ്ധിപ്പിക്കുന്നത് വ്യക്തമാക്കുകയും ചെയ്തു. എന്തായാലും നികുതിയിളവിന്റെ കാര്യത്തില്‍ ഈ ബജറ്റില്‍ മധ്യവര്‍ഗത്തിന് പ്രത്യേകിച്ച് പ്രയോജനം ഉണ്ടാകുന്നില്ല എന്ന് എടുത്തുപറയണം. ഇന്ധനത്തിനായുള്ള കസ്റ്റംസ് തീരുവയില്‍ ഒരു രൂപ വര്‍ധന നിര്‍ദ്ദേശിച്ചതോടെ ചെലവ് വര്‍ദ്ധിക്കുമെന്ന കാര്യവും ഉറപ്പായി. പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരുമ്പോള്‍ അവശ്യവസ്തുക്കളുടെയും വില ഉയരുകയും ഗതാഗതച്ചെലവ് വര്‍ദ്ധിക്കുകയും ചെയ്യുന്നത് മധ്യവര്‍ഗത്തിന്റെ ജീവിതത്തെ ബാധിക്കും.
സ്വകാര്യ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള നീക്കം തൊഴിലില്ലായ്മയില്‍ ചെറിയ മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷ നല്‍കുന്നതാണ്. സ്ത്രീ ശാക്തീകരണത്തില്‍ സാമ്പത്തിക മുഖം കൊണ്ടുവരാനുള്ള നീക്കത്തിന് വനിതാ സംരഭകര്‍ക്കുള്ള പദ്ധതികളും ആനുകൂല്യങ്ങളും ഗുണം ചെയ്യും. നാരീ ടു നാരായണി എന്ന പേരില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതി മോദിസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളില്‍ ഇടംപിടിക്കാന്‍ സാധ്യതയുള്ള ഒന്നായിരിക്കും. ഇതിന് പുറമേ നിരവധി ക്ഷേമപദ്ധതികള്‍ക്കും ബജറ്റ് ഊന്നല്‍ നല്‍കുന്നുണ്ട്. വ്യോമയാനം ഉള്‍പ്പെടെയുള്ള മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ബജറ്റില്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സാമ്പത്തിക നില മെച്ചപ്പെടുത്തി ക്ഷേമപദ്ധതികളും മറ്റ് വികസനപദ്ധതികളും കാര്യക്ഷമമാക്കി രാജ്യത്തിന്റെ മുഖം മാറ്റാം എന്ന കണക്കുകൂട്ടലാണ് വിദേശ നിക്ഷേപത്തിലെ മാനദണ്ഡങ്ങള്‍ ഉദാരമാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതെന്ന് കരുതാം.
ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വിപത്തായ വായൂ മലിനീകരണം പരമാവധി കുറയ്ക്കാന്‍ ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് നിര്‍മല സീതാരാമന്റെ ബജറ്റിലെ മറ്റൊരു പ്രത്യേകത. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനായി ജിഎസ്ടിയില്‍ അടക്കം വിവിധ ഇളവുകളാണ് കേന്ദ്ര ബജറ്റില്‍ സര്‍ക്കാര്‍ ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാനപ്രശ്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കാത്ത ബജറ്റെന്ന് നിര്‍മല സീതാരാമന്റെ കന്നിബജറ്റ് വിര്‍ശിക്കപ്പെടുമ്പോള്‍ രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളില്‍ ഒന്നായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഊന്നിപ്പറയുന്നുണ്ട് ബജറ്റ്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ ‘ഘര്‍ ഘര്‍ ജല്‍’ രാജ്യത്തെ എല്ലാ വീട്ടിലും കുടിവെള്ളം ഉറപ്പുവരുത്തുമെന്നാണ് ബജറ്റിലെ വാഗ്ദാനം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മുഖ്യവാഗ്ദാനം കൂടിയായിരുന്നു ഇത്.
കേരളം അവഗണിക്കപ്പെട്ടു എന്ന പരാതിയുയരാതിരിക്കാന്‍ കേന്ദ്രബജറ്റില്‍ ശ്രദ്ധ നല്‍കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിനുള്ള വിഹിതത്തില്‍ വര്‍ധന വരുത്തി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1190.01 കോടി രൂപയുടെ വര്‍ധനയാണ് നികുതി വിഹിതത്തില്‍ കേരളത്തിന് ലഭിച്ചിരിക്കുന്നത്. 20,228.33 കോടി രൂപയാണ് ഈ ബജറ്റില്‍ കേരളത്തിനുള്ള നികുതി വിഹതമായി ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 19,038.17 കോടി രൂപയായിരുന്നു. തേയില ബോര്‍ഡ് 150 കോടി, കോഫി ബോര്‍ഡ് 120 കോടി, റബര്‍ ബോര്‍ഡ് 170 കോടി, സുഗന്ധവിള ഗവേഷണകേന്ദ്രം 120 കോടി, കശുവണ്ടി ബോര്‍ഡ് 1 കോടി, സമുദ്രോത്പന്ന കയറ്റുമതി ബോര്‍ഡ് 90 കോടി, ഫിഷറീസ് ബോര്‍ഡ് 249.61 കോടി,കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് 46.7 കോടി എന്നിങ്ങനെയുള്ള സാമ്പത്തിക സഹായവും കേരളത്തിന് ലഭിച്ചിട്ടുണ്ട്.
Post Your Comments