തിരുവനന്തപുരം•മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ലൈഫ് മിഷന്‍ പദ്ധതി ശുദ്ധ തട്ടിപ്പാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അഭിപ്രായപ്പെട്ടു. ലൈഫ് മിഷനിലൂടെ രണ്ട് ലക്ഷം വീടുകളുടെ പൂര്‍ത്തീകരണം നടന്നെന്നാണ് മുഖ്യമന്ത്രിയും സി.പി.എമ്മും അവകാശപ്പെടുന്നത്. എന്നാല്‍ പാവപ്പെട്ടവരും ദരിദ്ര പട്ടികജാതി വിഭാഗക്കാരും ഇപ്പോഴും ലിസ്റ്റിന് പുറത്താണ്. പാവപ്പെട്ടവര്‍ക്ക് വീട് എന്ന് കൊട്ടി ഘോഷിച്ച് മാമാങ്കമായി നടത്തിയ ഉദ്ഘാടന ചടങ്ങിലെ പ്രഖ്യാപനങ്ങളെല്ലാം പാഴ് വാക്കാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു.
ആയിരത്തില്‍ താഴെ വീടുകള്‍ മാത്രമാണ് ലൈഫ് പദ്ധതിയിലൂടെ ഈ സര്‍ക്കാര്‍ നിര്‍മ്മിച്ചത്. ആയിരം വീടുകളുടെ സ്ഥാനത്താണ് രണ്ട് ലക്ഷം വീട് നിര്‍മ്മിച്ചുവെന്ന് കള്ളപ്രചരണം നടത്തുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നിര്‍മ്മാണം ആരംഭിച്ച ഒന്നര ലക്ഷം വീടുകളും ലൈഫ് പദ്ധതിയിലേക്ക് ലയിപ്പിച്ചാണ് ഇപ്പോള്‍ ലൈഫ് മിഷനിലൂടെ രണ്ട് ലക്ഷം വീടുകള്‍ നല്‍കി എന്ന കള്ള പ്രചരണം നടത്തുന്നത്.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന അഞ്ച് വര്‍ഷം നാലര ലക്ഷം വീടുകളാണ് പാവപ്പെട്ടവര്‍ക്ക് നിര്‍മ്മിച്ചു നല്‍കിയത്. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പട്ടികജാതി വകുപ്പ് വഴിയും ഐ.എ.വൈ പദ്ധതി വഴിയും ലഭിച്ചിരുന്ന വീടുകള്‍ പോലും ലൈഫ് മിഷനിലേക്ക് ലയിപ്പിച്ചത് മൂലം ലഭിക്കാത്ത സ്ഥിതിയാണ്. പാവപ്പെട്ട പട്ടികജാതി, പട്ടിക വര്‍ഗ്ഗ ദളിത് വിഭാഗങ്ങളെ പൂര്‍ണ്ണമായും അവഗണിക്കുന്നതാണ് ലൈഫ് മിഷന്‍ പദ്ധതിയെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി കുറ്റപ്പെടുത്തി.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തെ ഒന്നര ലക്ഷം വീടുകളും ചേര്‍ത്ത് രണ്ട് ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു നല്‍കി എന്ന് കള്ളപ്രചരണം നടത്തി വീട് ലഭിക്കാന്‍ അര്‍ഹതയുള്ള പാവപ്പെട്ടവരെ കബളിപ്പിക്കാനാണ് ലക്ഷക്കണക്കിന് രൂപാ പൊടി പൊടിച്ച് ഉദ്ഘാടന മാമാങ്കം നടത്തുന്നത്. അര്‍ഹതപ്പെട്ട ഒരാള്‍ക്ക് പോലും വീട് നിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറാകാത്ത പിണറായി സര്‍ക്കാര്‍ പാവപ്പെട്ടവരെയും ദളിത് പിന്നോക്ക വിഭാഗങ്ങളേയും ഒരുപോലെ കബളിപ്പിച്ചിരക്കുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി കുറ്റപ്പെടുത്തി.
Post Your Comments