NewsIndia

ബംഗളൂരു ട്രെയിന്‍ യാത്രയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചേക്കും

 

ബെംഗളൂരു: ബെംഗളൂരു മലയാളികളുടെ യാത്രാപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക കേരള ട്രാവലേഴ്സ് ഫോറം (കെ.കെ.ടി.എഫ്.) ഭാരവാഹികള്‍ ദക്ഷിണ-പശ്ചിമ റെയില്‍വേ ജനറല്‍ മാനേജരുമായി കൂടിക്കാഴ്ച നടത്തി. യശ്വന്തപുര – കണ്ണൂര്‍ എക്‌സ്പ്രസ് ബാനസവാടിയിലേക്കു മാറ്റാനുള്ള നീക്കം പിന്‍വലിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. യശ്വന്തപുരത്ത് നിന്ന് ഇപ്പോള്‍ പുറപ്പെടുന്ന വിധത്തില്‍ തന്നെ ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

ഇതിന് മറ്റു തടസ്സങ്ങള്‍ എന്തെങ്കിലും ഉണ്ടായാല്‍ മൈസൂരുവില്‍ നിന്ന് പുറപ്പെട്ട് സിറ്റി, കന്റോണ്‍മെന്റ്, ബൈയപ്പനഹള്ളി വഴി പോകുന്ന വിധം ക്രമീകരിക്കാന്‍ ശ്രമിക്കുമെന്ന് ജനറല്‍ മാനേജര്‍ അജയ് കുമാര്‍ സിങ് അറിയിച്ചു.

മലയാളികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് കേരളത്തിലേക്കുള്ള തീവണ്ടികള്‍ക്ക് ബൈയപ്പനഹള്ളിയില്‍ സ്റ്റോപ്പ് വേണമെന്നത്. കേരളത്തിലേക്കുള്ള തീവണ്ടികള്‍ക്ക് ഫെബ്രുവരിയില്‍ ബൈയപ്പനഹള്ളിയില്‍ സ്റ്റോപ്പ് അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് പുറപ്പെടുന്ന രണ്ട് ദ്വൈവാര എക്‌സ്പ്രസ് തീവണ്ടികളും കന്റോണ്‍മെന്റില്‍നിന്നോ മൈസൂരുവില്‍നിന്നോ പുറപ്പെടുന്ന വിധത്തില്‍ ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു. ബാനസവാടി-കൊച്ചുവേളി ഹംസഫര്‍ എക്‌സ്പ്രസ് ബെംഗളൂരുവില്‍ പുലര്‍ച്ചെ നാലിന് എത്തുന്ന വിധത്തില്‍ ക്രമീകരിച്ച് മൈസൂരുവിലേക്ക് നീട്ടണം, ഈ തീവണ്ടി ദിവസേന ആക്കണം, ഹുബ്ബള്ളി – കൊച്ചുവേളി എക്‌സ്പ്രസ് ആഴ്ചയില്‍ ഒരു ദിവസത്തിന് പകരം മൂന്നു ദിവസം ആക്കണം, പാലക്കാട് വഴിയുള്ള കണ്ണൂര്‍ എക്‌സ്പ്രസ്, കന്യാകുമാരി എക്‌സ്പ്രസ് എന്നീ തീവണ്ടികളില്‍ മൂന്ന് ജനറല്‍ കംപാര്‍ട്ട്മെന്റ് കൂടി ഉള്‍പ്പെടുത്തണം എന്നീ കാര്യങ്ങളും കെ.കെ.ടി.എഫ്. ഉന്നയിച്ചു.

സിറ്റി, യശ്വന്തപുര എന്നീ സ്റ്റേഷനുകളില്‍ നിന്ന് പുറപ്പെടുന്ന മിക്ക തീവണ്ടികളും ഭാവിയില്‍ യെലഹങ്ക, ബൈയപ്പനഹള്ളി, ബാനസവാടി എന്നീ സ്റ്റേഷനുകളിലേക്ക് മാറ്റാന്‍ കര്‍ണാടക സര്‍ക്കാരുമായി ധാരണയായതായും ഡി.ആര്‍.എം. അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button