പാലക്കാട്: ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ്സില്‍നിന്ന് മലയാളിയുവതി താഴെവീണു. മോഷണശ്രമം തടയുന്നതിനിടെ യുവതിയും മോഷ്ടാവിനൊപ്പം തീവണ്ടിയില്‍നിന്ന് വീഴുകയായിരുന്നെന്നാണ് സഹയാത്രികര്‍ അറിയിച്ചത്. സംഭവംനടന്ന് തീവണ്ടിനിന്നത് അരമണിക്കൂറിനുശേഷം. കാര്യമായി പരിക്കേല്‍ക്കാത്ത നിലയില്‍ യുവതിയെ പിന്നീട് പോലീസ് കണ്ടെത്തി.
നാഗ്പൂരിനടുത്തുവെച്ചാണ് സംഭവം. പാലക്കാട് മാത്തൂര്‍ മൂലോട് സ്വദേശി ലതികയാണ് തീവണ്ടിയില്‍നിന്ന്് വീണത്. ഇവര്‍ നാഗ്പൂരില്‍ സുരക്ഷിതയാണെന്ന് അറിയിച്ചതായി ബന്ധു രഞ്ജിത്ത് അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ടോടെ പാലക്കാട്ടേക്ക് യാത്രതുടരാന്‍ റെയില്‍വേ അധികൃതര്‍ സൗകര്യമൊരുക്കി.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടേകാലോടുകൂടി ഇറ്റാര്‍സിക്കും നാഗ്പൂരിനും ഇടയിലായിരുന്നു സംഭവമെന്നാണ് ബന്ധുക്കള്‍ക്ക് കിട്ടിയ വിവരം. ജനലിനോടുചേര്‍ന്ന അരിക് ബര്‍ത്തില്‍ ഉറങ്ങുകയായിരുന്ന ലതികയുടെ പഴ്സ് ഒരാള്‍ എടുത്തുനടന്നു. ശ്രദ്ധയില്‍പ്പെട്ടതോടെ ഓടിച്ചെന്ന് പഴ്സ് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. കമ്പാര്‍ട്ട്‌മെന്റില്‍ ചിലര്‍ ശബ്ദംകേട്ട് ഉണരുമ്പോഴേക്കും മോഷ്ടാവും യുവതിയും വാതിലിനടുത്തെത്തിയിരുന്നു. പിടിവലിക്കൊടുവില്‍ വണ്ടിയില്‍നിന്ന് മോഷ്ടാവ് പുറത്തേക്ക് ചാടി. അയാളുടെ കൈയില്‍പ്പിടിച്ചിരുന്ന പെണ്‍കുട്ടിയും പുറത്തേക്കുവീണു. ഇതിനിടെ കോച്ചിലെ എമര്‍ജന്‍സി ചങ്ങല വലിച്ചെങ്കിലും അനങ്ങിയില്ലെന്ന പരാതിയുമുണ്ട്. അരമണിക്കൂറിനുശേഷം വണ്ടി നിന്നു. ഡ്രൈവര്‍മാരിലൊരാള്‍ കോച്ചിലേക്ക് വന്നു. യുവതിയുടെ ഷാള്‍ വാതിലിനടുത്തുണ്ടായിരുന്നു. ബാഗുകള്‍ സീറ്റിലും. ടി.ടി.ഇ. എത്തി പോലീസിനെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. ടിക്കറ്റ് പരിശോധകന്‍ ടിക്കറ്റ് വിവരം പരിശോധിച്ചാണ് യുവതി പാലക്കാട്ടേക്കാണെന്ന് കണ്ടെത്തിയത്. സഹയാത്രികര്‍ അറിയിച്ച വിവരമാണ് ബന്ധുക്കള്‍ക്കുള്ളത്. സംഭവത്തെക്കുറിച്ച് കൃത്യമായ വിവരം റെയില്‍വേയുടെ അന്വേഷണത്തിലേ വ്യക്തമാകൂ.
Post Your Comments