ന്യൂഡല്‍ഹി : ബിജെപിയേയും കോണ്‍ഗ്രസിനേയും കടന്നാക്രമിച്ച് സിപിഐഎം നേതാവ് പ്രകാശ് കാരാട്ടിന്റെ ലേഖനം. ബിജെപി ഹിന്ദുത്വ അജന്‍ഡ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് ഈ പാത പകര്‍ത്തുകയാണെന്നും മതനിരപേക്ഷ നാട്യംപോലും കോണ്‍ഗ്രസ് ഉപേക്ഷിച്ചിരിക്കുകയാണെന്നും പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തുന്നു. ലോക്‌സഭയില്‍ പാസാക്കിയ പൗരത്വ ബില്ലിനെതിരായാണ് കാരാട്ടിന്റെ ലേഖനം. അസമും വടക്കുകിഴക്കന്‍ മേഖലയിലെ ഇതര സംസ്ഥാനങ്ങളും കലാപത്തിലാണെന്ന് അദ്ദേഹം ലേഖനത്തില്‍ പറയുന്നു.
വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ടികളും തെരുവില്‍ പ്രതിഷേധം തുടരുന്നു. സംസ്ഥാനത്തെ മുന്നണി സര്‍ക്കാരില്‍ സഖ്യകക്ഷിയായിരുന്ന അസം ഗണപരിഷത്ത് (എജിപി) മന്ത്രിമാരെ പിന്‍വലിച്ച്, ദേശീയ ജനാധിപത്യസഖ്യം (എന്‍ഡിഎ) വിട്ടു. ബിജെപി ഭരിക്കുന്ന മണിപ്പുരിലെ മുഖ്യമന്ത്രിപോലും പുതിയ നിയമം തന്റെ സംസ്ഥാനത്ത് നടപ്പാക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭരണഘടനയുടെ മതനിരപേക്ഷ അടിത്തറ തകര്‍ക്കുന്ന ബില്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍ കടന്ന ഹിന്ദുക്കള്‍, ക്രൈസ്തവര്‍, ബുദ്ധമതവിശ്വാസികള്‍ തുടങ്ങിയ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നത് അസംകാരുടെയും ഇതര തദ്ദേശീയ ജനവിഭാഗങ്ങളുടെയും സവിശേഷസ്വഭാവത്തെ ഇല്ലാതാക്കുമെന്ന ഭീതിയെ തുടര്‍ന്നാണ് അസമിലും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധം അലയടിക്കുന്നത്.
അസമില്‍ വിദേശികള്‍ക്കെതിരെ നടന്ന ദീര്‍ഘമായ പ്രക്ഷോഭത്തിന്റെ ഫലമായി 1985ല്‍ അസം കരാര്‍ ഒപ്പിട്ടു; 1971 മാര്‍ച്ച് 24നുമുമ്പ് ഇന്ത്യയില്‍ പ്രവേശിച്ചവരെ മാത്രമേ പൗരത്വത്തിനായി പരിഗണിക്കുകയുള്ളൂ എന്ന് ഈ കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നു.ഇന്ത്യയിലേക്ക് ലക്ഷക്കണക്കിന് അഭയാര്‍ഥികളുടെ പ്രവാഹത്തിന് ഇടയാക്കിയ ബംഗ്ലാദേശ് വിമോചനയുദ്ധവുമായി ബന്ധപ്പെടുത്തിയായിരുന്നു ഈ സമയപരിധി.നിലവില്‍, പൗരന്മാരുടെ ദേശീയ രജിസ്റ്ററിലേക്കുള്ള (എന്‍ആര്‍സി) രജിസ്‌ട്രേഷന്‍ പ്രക്രിയ അന്തിമഘട്ടത്തിലാണ്. ഈ സന്ദര്‍ഭത്തിലാണ് അസം കരാര്‍ പ്രകാരമുള്ള എല്ലാ ഏര്‍പ്പാടുകളെയും അട്ടിമറിക്കുമെന്ന ഭീഷണി ഉയര്‍ത്തി ബിജെപി സര്‍ക്കാര്‍ പൗരത്വ നിയമഭേദഗതി ബില്‍ കൊണ്ടുവന്നത്.
അസമിലും ഇതര വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല പൗരത്വ നിയമഭേദഗതി ബില്‍ എതിര്‍ക്കപ്പെടേണ്ടതാകുന്നത്. അതിന് അടിസ്ഥാനപരമായ മറ്റൊരു കാരണമുണ്ട്പൗരത്വം സംബന്ധിച്ച് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സങ്കല്‍പ്പത്തിന്റെ അടിവേര് തന്നെ തോണ്ടുന്ന നിയമനിര്‍മാണമാണിത്. ഭരണഘടനപ്രകാരം പൗരത്വം എന്നത് മതത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കേണ്ടതല്ല. പക്ഷേ, മുസ്ലിങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വം നല്‍കാന്‍ ഈ ബില്ലില്‍ വ്യവസ്ഥചെയ്യുന്നു.
അയല്‍രാജ്യങ്ങളില്‍നിന്നെത്തിയ മുസ്ലിങ്ങളെ പൗരത്വത്തിനായി പരിഗണിക്കാന്‍ കഴിയില്ല, അവര്‍ അനധികൃത കുടിയേറ്റക്കാരായി തുടരണം. എല്ലാ ഹിന്ദുക്കളും ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ ഭാഗമാണെന്നും ഇതര മതവിശ്വാസികള്‍ അന്യരാണെന്നുമുള്ള ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് മോഡി സര്‍ക്കാരിന്റെ ഈ നീക്കം- പ്രകാശ് കാരാട്ട് കുറിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ബിജെപിയുടെ സര്‍ക്കാരുകളേക്കാള്‍ ഹിന്ദു അനുകൂലമാണെന്ന് കാണിക്കാനാണ് ഇതെല്ലാം. രാജ്യത്തെ പ്രമുഖ മതനിരപേക്ഷ രാഷ്ട്രീയശക്തിയെന്ന നാട്യംപോലും ഇത്തരം മൃദുഹിന്ദുത്വ നിലപാടുകള്‍വഴി കോണ്‍ഗ്രസ് ഉപേക്ഷിച്ചിരിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments