KeralaLatest News

നിയമസഭയുടെ സദാചാര സമിതിയില്‍നിന്ന് പി.സി. ജോര്‍ജ് പുറത്ത്

തിരുവനന്തപുരം: കന്യാസ്ത്രീയെയടക്കം അവഹേളിച്ചെന്ന പരാതികളുയര്‍ന്ന സാഹചര്യത്തില്‍ നിയമസഭയുടെ സദാചാര സമിതിയില്‍നിന്ന് പി.സി. ജോര്‍ജിനെ ഒഴിവാക്കി. എന്നാല്‍, ഭൂമി കൈയേറ്റവും പരിസ്ഥിതി ചട്ടലംഘനവും സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നെങ്കിലും പി.വി. അന്‍വറിനെ പരിസ്ഥിതി സമിതിയില്‍ നിലനിര്‍ത്തി.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെ അവഹേളിച്ച സംഭവത്തില്‍ ജോര്‍ജിനെതിരായ പരാതി സദാചാര സമിതിയുടെ പരിഗണനയിലാണ്. ഈ സമിതിയില്‍ ജോര്‍ജ് തുടരുന്നതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയില്‍നിന്ന് ജോര്‍ജിനെ ഒഴിവാക്കിയത്. പകരം അനൂപ് ജേക്കബിനെ ഉള്‍പ്പെടുത്തി. എ. പ്രദീപ്കുമാറാണ് അധ്യക്ഷന്‍.

കന്യാസ്ത്രീയെ അവഹേളിച്ചതില്‍ സമിതി ജോര്‍ജില്‍നിന്ന് തെളിവെടുത്തിരുന്നു. എന്ത് നടപടി സ്വീകരിക്കണമെന്ന റിപ്പോര്‍ട്ട് സമിതി വൈകാതെ നല്‍കുമെന്നറിയുന്നു.

സഭയ്ക്കുപുറത്ത് കെ.ആര്‍. ഗൗരിയമ്മയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജോര്‍ജിനെ ശാസിച്ചിരുന്നു. കേരള നിയമസഭയുടെ ചരിത്രത്തില്‍ നിയമസഭാസമിതിയുടെ ശാസന ഏറ്റുവാങ്ങിയ ഏക അംഗവും ജോര്‍ജാണ്.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സദാചാര സമിതിയില്‍ അംഗമാകണമെന്ന് ജോര്‍ജ് തന്നെ ആവശ്യപ്പെടുകയായിരുന്നു. സ്പീക്കര്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുകയും ചെയ്തു. തനിക്കെതിരേയുള്ള പരാതി പരിഗണിച്ച സമിതിയോഗങ്ങളില്‍ ചട്ടമനുസരിച്ച് ജോര്‍ജ് പങ്കെടുത്തിരുന്നില്ല.

പരിസ്ഥിതിലംഘനം സംബന്ധിച്ച് അന്‍വറിനെതിരേയും സ്പീക്കര്‍ക്ക് പരാതികള്‍ ലഭിച്ചിരുന്നു. അവ സര്‍ക്കാരിലേക്ക്; അയച്ചു. എന്നാല്‍ ചട്ടലംഘനം സംബന്ധിച്ച് അന്‍വറിനെതിരേ കേസൊന്നും നിലവിലില്ലെന്നാണ് പരിസ്ഥിതിവകുപ്പ് സഭയെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button