കോട്ടയം: കേരളം ഏറെ ചർച്ച ചെയ്ത കേസാണ് കന്യാസ്ത്രീയെ ബിഷപ്പ് ബലാത്സംഗം ചെയ്തു എന്നത്. നീണ്ട നാളത്തെ വിചാരണയ്ക്കും കാത്തിരിപ്പിനും ശേഷം ഇന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിക്കുന്ന വിധിയായിരുന്നു കോടതിയിൽ നിന്നും ഉണ്ടായത്. കേസിലെ മുഖ്യപ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കികൊണ്ടുള്ള വിധിയായിരുന്നു കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ വിധിച്ചത്. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു.
ഒരു സാക്ഷി പോലും കൂറുമാറാതെ തന്നെയാണ് ബിഷപ്പ് ഫ്രാങ്കോ കുറ്റമുക്തനാക്കപ്പെട്ടതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വ്യക്തമാക്കി. 39 സാക്ഷികളെ വിസ്തരിച്ചിരുന്നു. ഒരു സാക്ഷി പോലും കൂറുമാറിയില്ല. കൂറുമാറാതെ തന്നെ മുഴുവന്‍ സാക്ഷികളും പറഞ്ഞത് കള്ളമാണെന്ന് കോടതിയിൽ തെളിഞ്ഞുവെന്നും ബിഷപ്പിനെതിരായ ഒരു കുറ്റവും തെളിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽ വിധി വന്ന ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
Also Read:കോൺഗ്രസ് ഇന്ത്യയുടെ ചക്രവർത്തിമാരല്ലെന്ന് തിരിച്ചറിയണം: ചിദംബരത്തിന് മറുപടിയുമായി മഹുവ മൊയ്ത്ര
ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കൽ. കന്യാസ്ത്രീ പരാതി നൽകിയതിനെ തുടർന്ന് ഒരുപാട് നാളുകൾ കഴിഞ്ഞാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ കേരള പൊലീസിന് സാധിച്ചത്. ചോദ്യം ചെയ്യലിൽ ആദ്യമൊക്കെ ബലാത്സംഗത്തെ എതിർത്ത ബിഷപ് ഫ്രാങ്കോ കന്യാസ്ത്രീയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. എന്നാൽ കന്യാസ്ത്രീ മഠത്തിലെ ബിഷപ്പിന്‍റെ സന്ദർശനങ്ങളും മൊബൈൽ സന്ദേശങ്ങളുമടക്കം അന്വേഷണ ഉദ്യോഗസ്ഥർ നിരത്തിയതോടെ ബിഷപ്പിന് ഉത്തരം മുട്ടി. ഒടുവിൽ മൂന്നാം ദിവസം രാത്രി അറസ്റ്റ്. എന്നാൽ അറസ്റ്റിന് ശേഷവും നാടകീയതകൾ തുടർന്നു. ഒടുവിൽ റിമാൻഡിലായി ബിഷപ്പ് പാലാ സബ് ജയിലിലേക്ക്. ദിവസങ്ങൾ നീണ്ട ജയിൽവാസത്തിനൊടുവിൽ ഉപാധികളോടെ ജാമ്യം.
2019 ഏപ്രിൽ 9-ന് പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു. ഇതിനിടെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് നൽകിയ ഹർജികൾ വിചാരണക്കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തളളി. കർദിനാൾ ജോർജ് ആലഞ്ചേരി, മൂന്നു ബിഷപ്പുമാർ, പതിനൊന്ന് വൈദികർ, 25 കന്യാസ്ത്രീകൾ എന്നിവർ വിചാരണയ്ക്ക് ഹാജരായി. അതിജീവിതയ്ക്ക് നീതി ഇപ്പോഴും അകലെ തന്നെ.
Post Your Comments