പാലക്കാട് : ത്രിപുരയില്‍ പയറ്റിയ പഞ്ചരത്‌ന മോഡല്‍ കേരളത്തിലുമിറക്കാന്‍ തയ്യാറെടുത്ത് ആര്‍എസ്എസ്. ആര്‍.എസ്.എസ് ദേശീയ സംഘടനാ സെക്രട്ടറിമാരില്‍ കേരളത്തിന്റെ ചുമതലയുള്ള ഗണേഷാണ് പഞ്ചരത്‌ന പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കി പരമാവധി വോട്ടു സമാഹരിക്കുകയാണ് പഞ്ചരത്‌ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ബൂത്തുകള്‍ രൂപവത്കരിക്കാത്ത ഇടങ്ങളില്‍ അടിയന്തരമായി ബൂത്തുകള്‍ രൂപീകരിക്കുകയാണ് ആദ്യഘട്ടം. ബൂത്തുതലത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ ഒരു സമിതി രൂപീകരിക്കും. എല്ലാ സംഘപരിവാര്‍ സംഘടനകളില്‍ നിന്നുമുള്ള അംഗങ്ങള്‍ക്കു പുറമേ ഒരു വനിത, പട്ടിക വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധി എന്നിവ എല്ലാ സമിതിയിലുമുണ്ടാകും. ആറ് മുതല്‍ ഒമ്പതുപേര്‍ വരെ അടങ്ങുന്നതായിരിക്കും ബൂത്തുതല ശക്തികേന്ദ്രങ്ങള്‍.
പ്രധാനപ്പെട്ട ഏഴ് കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന കോള്‍ സെന്ററുകള്‍ വഴി ബൂത്തുതല ശക്തികേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കേന്ദ്രനേതൃത്വം വിലയിരുത്തും. പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്ന സംഘത്തിനായിരിക്കും കോള്‍ സെന്ററുകളുടെ ചുമതല.
ഗൃഹ സമ്പര്‍ക്കം, പാര്‍ട്ടി അനുഭാവികളുടെയും പ്രവര്‍ത്തകരുടെയും അനുവദിക്കുന്ന മറ്റുള്ളവരുടെയും വീടുകളില്‍ ബി.ജെ.പി പതാകയും സ്റ്റിക്കറും പതിക്കുക തുടങ്ങിയ പരിപാടികളാണ് ശക്തികേന്ദ്രങ്ങള്‍ വഴി ചെയ്യുന്നത്.
Post Your Comments