ചര്‍മ്മത്തിലെ പ്രശ്നങ്ങള്‍ മാത്രമല്ല, മുഖക്കുരുവിന് കാരണമാകുന്നത്. പലപ്പോഴും ഭക്ഷണത്തിലൂടെ ലഭിക്കേണ്ട അവശ്യം പോഷകങ്ങളുടെ കുറവും മുഖക്കുരുവിന് കാരണമാകാറുണ്ട്. ചര്‍മ്മത്തിന്റെ ഭംഗിക്കും ആരോഗ്യത്തിനും വേണ്ട ചില ഭക്ഷണങ്ങളേതെന്ന് മനസ്സിലാക്കിയാല്‍ ഈ പ്രശ്നം ഒരു പരിധി വരെ തടയാമല്ലോ… അത്തരത്തില്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍…
ഒന്ന്
ചെറുനാരങ്ങയാണ് ചര്‍മ്മത്തിന്റെ മനോഹാരിതയ്ക്ക് സഹായകമാകുന്ന ഒരു ഘടകം. ഇത് സിട്രിക് ആസിഡ് ഉപയോഗിച്ച് കരളിനെ ശുദ്ധീകരിക്കുകയും രക്തത്തില്‍ കടന്നുകൂടിയിരിക്കുന്ന വിഷാംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്ന എന്‍സൈമുകളെ ഉണ്ടാക്കുകയും ചെയ്യുന്നു. മാത്രമല്ല, തൊലിയിലെ ചെറിയ സുഷിരങ്ങള്‍ അടയ്ക്കാനും അതുവഴി തൊലിയെ തെളിച്ചമുള്ളതാക്കാനും ചെറുനാരങ്ങയ്ക്കാകും.
രണ്ട്
തണ്ണിമത്തനും ചര്‍മ്മത്തെ ഭംഗിയുള്ളതാക്കാനും ആരോഗ്യമുള്ളതാക്കാനും ഏറെ സഹായിക്കുന്നു. തൊലിക്ക് പുറത്ത് അടിഞ്ഞുകൂടുന്ന മാലിന്യം നീക്കാനാണ് ഇത് പ്രധാനമായും സഹായകമാവുക. തണ്ണിമത്തിനില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍- എ, ബി, സി എന്നിവ ചര്‍മ്മത്തെ പുതുമയുള്ളതായി സൂക്ഷിക്കാനും ചര്‍മ്മത്തില്‍ എപ്പോഴും നനവ് നിലനിര്‍ത്താനും ശ്രദ്ധയേകുന്നു.
മുഖക്കുരു ഉണ്ടാകുന്നത് തടയാനാകും എന്ന് മാത്രമല്ല, മുഖക്കുരു അവശേഷിപ്പിക്കുന്ന പാടുകളെ മായ്ക്കാനും ഇതിനാകുന്നു.
മൂന്ന്
കൊഴുപ്പ് അമിതമായി കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല.അതേസമയം കൊഴുപ്പിന്റെ അളവ് കുറഞ്ഞ പാലുത്പന്നങ്ങള്‍ കഴിക്കുന്നത് ചര്‍മ്മത്തിന് ഗുണകരവുമാണ്. ഇവയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍-എ തൊലിക്ക് അവശ്യം വേണ്ട ഘടകമാണ്.
നാല്…
യോഗര്‍ട്ടും തൊലിയുടെ ഭംഗിക്ക് ഏറെ ആവശ്യമായിട്ടുള്ള ഒന്നാണ്. ഇതും പരമാവധി ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ കരുതുക. ബാക്ടീരിയകളെ തുരത്താനുള്ള ഇതിന്റെ കഴിവ് ചര്‍മ്മത്തെ ശുദ്ധിയാക്കാനും ചര്‍മ്മത്തിലെ സുഷിരങ്ങളെ അടച്ചുവയ്ക്കാനും സഹായിക്കുന്നു.
അഞ്ച്
വാള്‍നട്ട് കഴിക്കുന്നതും ചര്‍മ്മത്തിന് വളരെയധികം സഹായകമാണ്. ചര്‍മ്മത്തെ മൃദുലമാക്കാനാണ് വാള്‍നട്ടിന് പ്രധാനമായും കഴിവുള്ളത്. ഇതിലടങ്ങിയിരിക്കുന്ന ‘ലിനോളിക് ആസിഡ്’ ചര്‍മ്മത്തെ അതിന്റെ അടിസ്ഥാന സ്വഭാവഗുണങ്ങള്‍ സൂക്ഷിക്കുന്നതിനും നനവ് നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.
ആറ്
ഡയറ്റില്‍ ആപ്പിള്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തെ മനോഹരമാക്കാന്‍ സഹായിക്കുന്നു. ഇത് മുഖക്കുരുവുണ്ടാകുന്നതിനെ ഫലപ്രദമായി തടയുന്നു. ആപ്പിള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ഇതിന്റെ തൊലി കളയരുത് എന്നതാണ്. ഇതിന്റെ തൊലിയാണ് പ്രധാനമായും ചര്‍മ്മത്തെ സുന്ദരമാക്കി നിര്‍ത്താന്‍ സഹായിക്കുന്നത്.
ഏഴ്
ധാരാളം വെള്ളം കുടിക്കുക. വെള്ളത്തിന്റെ അഭാവം ശരീരത്തിലെ മറ്റ് പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെയും തകരാറിലാക്കുന്നു. ഇതും മുഖക്കുരു വരാന്‍ സാധ്യതകളുണ്ടാക്കുന്നു.
Post Your Comments