FootballNewsSports

സൗദിയുടെ കരുത്തായി മഞ്ചേരി സ്വദേശി

 

മഞ്ചേരി: എസിസി വെസ്റ്റേണ്‍ റീജിയന്‍ ടി–20 ടൂര്‍ണമെന്റ് ജേതാക്കളായ സൗദി അറേബ്യന്‍ ടീമിനെ നയിച്ചത് മഞ്ചേരി സ്വദേശി. മംഗലശേരി ഷംസുദ്ദീന്റെ മിന്നുംപ്രകടനത്തിലാണ് ഖത്തര്‍ ടീമിനെ സൗദി പരാജയപ്പെടുത്തിയത്. 48 പന്തില്‍നിന്ന് 88 റണ്‍സ് നേടി ഷംസുദ്ദീന്‍ ഫൈനലിലെ മികച്ച താരവുമായി. ആറ് സിക്‌സും എട്ട് ബൗണ്ടറികളുമുള്‍പ്പെട്ടതായിരുന്നു പ്രകടനം.
സൗദി മലയാളി ക്രിക്കറ്റ് ക്ലബ്ബായ കേരള നൈറ്റ് റൈഡേഴ്സിന്റെ മികച്ച താരമായിരുന്നു ഷംസുദ്ദീന്‍. സൗദി ക്രിക്കറ്റ് സെന്ററിനുകീഴിലുള്ള വെസ്റ്റേണ്‍ പ്രൊവിന്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ ടൂര്‍ണമെന്റുകളിലെ മികച്ച പ്രകടനമാണ് ദേശീയ ടീമിലേക്ക് എത്തിച്ചത്.
ഒരു ഡബിള്‍ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയുമടക്കം സീസണില്‍ 700– ലധികം റണ്‍സ് വാരിക്കൂട്ടി. ഹൗസ് ഡ്രൈവര്‍, സെയില്‍സ്മാന്‍ ജോലികള്‍ ചെയ്യുമ്പോഴും ക്രിക്കറ്റായിരുന്നു മനസ്സുനിറയെയെന്ന് ഷംസുദ്ദീന്‍ പറഞ്ഞു. പ്രവാസി മലയാളികളുടെ അഭിമാനമായ താരത്തെ അഭിനന്ദിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാരും സുഹൃത്തുക്കളും.
എങ്കലാംപുറത്ത് അബ്ദുല്ലയുടെയും മറിയയുടെയും മകനാണ് ഷംസുദ്ദീന്‍.

shortlink

Post Your Comments


Back to top button