ബെംഗളൂരു: നഗരവികസനത്തിന് സര്‍ക്കാര്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. നഗരത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍ ലക്ഷ്യമിട്ട് റോഡ് നവീകരണം, കുടിവെള്ളവിതരണ പദ്ധതികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കല്‍ തുടങ്ങിയ പദ്ധതികളാണ് പരിഗണനയിലുള്ളത്. ഗതാഗതപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കും പ്രഥമപരിഗണന നല്‍കുക.
50,000 കോടി രൂപയെങ്കിലും ഇതിനായി കണ്ടെത്തേണ്ടിവരുമെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര പറഞ്ഞു. മെട്രോ കാര്യക്ഷമാണെങ്കിലും റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മറ്റു സംവിധാനങ്ങള്‍ കണ്ടെത്തേണ്ടിവരും. നഗരത്തില്‍ മേല്‍പ്പാതകള്‍ നിര്‍മിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും പാരിസ്ഥിതിക പ്രശ്‌നങ്ങളുള്ളതിനാല്‍ ഇവയില്‍നിന്ന് പിന്മാറേണ്ട സ്ഥിതിയാണുള്ളത്.
വാഹനങ്ങള്‍ പെരുകുന്നതിനനുസരിച്ച് മതിയായ റോഡ് സൗകര്യങ്ങളില്ലാത്തതാണ് നഗരത്തിന്റെ ഏറ്റവുംവലിയ പ്രതിസന്ധികളിലൊന്ന്. മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടാകുന്നതോടെ പല അന്തരാഷ്ട്ര കമ്പനികളും നഗരംവിട്ട് മറ്റു പ്രദേശങ്ങളില്‍ ഓഫീസ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
ശുദ്ധമായ കുടിവെള്ളമെത്തിക്കുന്നതിലും പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. കുടിവെള്ളവിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ പഴയ പൈപ്പുകള്‍ മുഴുവന്‍ മാറ്റാനാണ് തീരുമാനം. കടുത്തവേനലിലും നഗരത്തില്‍ കുടിവെള്ളമെത്തിക്കാന്‍ സമഗ്രമായ പദ്ധതികള്‍ ആവശ്യമാണ്.
Post Your Comments