![](/wp-content/uploads/2019/01/pj-joseph-km-mani-pj-joseph.jpg)
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മില്‍ ചെയര്‍മാന്‍ കെ എം മാണിയും വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫും തമ്മിലുള്ള പോരു മുറുകി. വൈസ് ചെയര്‍മാന്‍ ജോസ് കെ മാണിയുടെ കേരളയാത്ര പുരോഗമിക്കുന്നതിനിടെ കോട്ടയം ആസ്ഥാനമായ ഗാന്ധി ജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ജോസഫ് വിഭാഗം ഉപവാസം നടത്തും. കേരളാ കോണ്‍ഗ്രസിന്റെ ചേരിതിരിവ് ഘട്ടങ്ങളിലെല്ലാം കേന്ദ്രസ്ഥാനത്തു വന്നിട്ടുള്ള സ്ഥാപനമാണ് ഈ സ്റ്റഡി സെന്റര്‍. പി ജെ ജോസഫാണ് ഇതിന്റെ ചെയര്‍മാന്‍.
ജോസ് കെ മാണിയുടെ കേരളയാത്രയെ കുറിച്ച് കാര്യമായ ചര്‍ച്ച നടന്നിട്ടില്ലെന്ന് പരസ്യമായി പറഞ്ഞ ജോസഫിന്, യാത്ര ചരല്‍ക്കുന്ന് ക്യാമ്പിന്റെ തീരുമാനമാണെന്ന മറുപടിയും മാണി നല്‍കി. ലയനത്തിന്റെ ഗുണം കിട്ടിയില്ലെന്ന ജോസഫിന്റെ വാദത്തിന് തനിക്കും ഗുണം കിട്ടിയിട്ടില്ലെന്നാണ് മാണിയുടെ പ്രകോപനകരമായ മറുപടി.കോട്ടയത്തുനിന്നുള്ള ലോകസഭാ അംഗമായിരുന്ന ജോസ് കെ മാണി തെരഞ്ഞെടുപ്പിനു മുമ്പുതന്നെ രാജ്യസഭയിലെത്തി സുരക്ഷിതമായതും ലയനശേഷം പി ജെ ജോസഫും അനുയായികളും യുഡിഎഫില്‍ അപ്രസക്തരായതുമാണ് അകല്‍ച്ചയ്ക്കുള്ള മൂല കാരണം.
ബാര്‍ കോഴക്കേസില്‍ കുരുങ്ങി കെ എം മാണിയുടെ താല്‍പര്യ പ്രകാരം കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടപ്പോഴും തിരികെ കയറിയപ്പോഴും പി ജെ ജോസഫിന്റെ അഭിപ്രായങ്ങള്‍ക്ക് കാര്യമായ പരിഗണന കിട്ടിയിരുന്നില്ല. കോണ്‍ഗ്രസുമായുണ്ടായ അകല്‍ച്ചയുടെ പശ്ചാത്തലത്തില്‍ മകന്‍ ജോസ് കെ മാണി ലോകസഭയിലേക്ക് മത്സരിച്ചാല്‍ അപകടമാകുമെന്ന് മുന്‍കൂട്ടി കണ്ടാണ് മാണി അദ്ദേഹത്തെ രാജ്യസഭയിലേക്ക് എത്തിച്ചത്.
Post Your Comments