KeralaLatest News

ഹര്‍ത്താൽ ദിവസം ബീവ്റേജ് ഔട്ട്ലെറ്റുകൾ തുറന്നില്ല; ജീവനക്കാരോട് വിശദീകരണം തേടി

തിരുവനന്തപുരം : സംസ്ഥാനത്ത് ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് തുറക്കാതിരുന്ന ബീവ്റേജ് ഔട്ട്ലെറ്റുകളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ വക പണി വരുന്നു. ഹര്‍ത്താല്‍ ദിവസം ബീവ്റേജ് തുറക്കാത്തതിന്റെ വിശദീകരണം തേടി മാനേജര്‍മാര്‍ക്ക് കോര്‍പ്പറേഷന്‍ മെമ്മോ നല്‍കി. ഇവരുടെ വിശദീകരണം ലഭിച്ചതിന് ശേഷം അച്ചടക്ക നടപടികളിലേക്ക് കടക്കാനാണ് കോര്‍പ്പറേഷന്റെ നീക്കം. തുറക്കാത്തതിനെ തുടര്‍ന്ന് കോര്‍പ്പറേഷനുണ്ടായ നഷ്ടം ജീവനക്കാരില്‍ നിന്നും ഈടാക്കാനും സാദ്ധ്യതയുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് ഹര്‍ത്താല്‍ ദിനത്തില്‍ ബീവ്റേജ് തിറക്കാത്തതിന് ജീവനക്കാര്‍ക്ക് മെമ്മോ നല്‍കുന്നത്.

2018 ഒക്ടോബര്‍ 17 രാത്രി 12 മണി മുതല്‍ ഒക്ടോബര്‍ 18 രാത്രി 12 മണി വരെയായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. 18ാം തീയതി വൈകിട്ട് 6 മണിക്ക് ശേഷം ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ ബീവ്റേജസ് കോര്‍പ്പറേഷന്‍ എം.ഡി ജി.സ്പര്‍ജന്‍ കുമാര്‍ ഐ.പി.എസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പതിനഞ്ചോളം ഔട്ട്ലെറ്റുകള്‍ തുറന്നില്ല. ഇതിലൂടെ ഒരു ഷോപ്പിന് ഒന്നര ലക്ഷം മുതല്‍ മൂന്നര ലക്ഷംരൂപ വരെ നഷ്ടം വന്നതായാണ് കോര്‍പ്പറേഷന്‍ ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്നാണ് മെമ്മോ നല്‍കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്.

എന്നാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താല്‍ ദിവസം ആക്രമണം നടന്നിരുന്നു. ഷോപ്പിന് നേരെയും അക്രമം നടക്കുമെന്ന് ഭയത്തെ തുടര്‍ന്നാണ് തുറക്കാതിരുന്നതെന്നാണ് ജീവനക്കാരുടെ വിശദീകരണം. എന്നാല്‍ നഷ്ടം ജീവനക്കാരില്‍ നിന്നും ഈടാക്കാനാണ് കോര്‍പ്പറേഷന്‍ ആലോചിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button