തിരുവനന്തപുരം: ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിന് മദ്യവില്പന നടക്കാത്തതിലുണ്ടായ നഷ്ടം ബിവറേജസ് കോര്പറേഷന് ജീവനക്കാരില്‍ നിന്ന് ഈടാക്കുമെന്ന് റിപ്പോര്‍ട്ട്. ഔട്ട്ലെറ്റുകള് അടച്ചിട്ട മാനേജര്‍മാര്‍ക്ക് ബെവ്കോ മെമ്മോ നല്കി. ഹര്‍ത്താലിന് തുറക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടും അവഗണിച്ചതിനാണ് അച്ചടക്ക നടപടി.
ജീവനക്രാരുടെ സേവനച്ചട്ടങ്ങളിലെ 82(2), (6), (15), (74) വകുപ്പുകള്‍ അനുസരിച്ച് ശിക്ഷാ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനാണ് മെമ്മോയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ 17-ാം തിയതി അര്‍ദ്ധരാത്രി ആരംഭിച്ച ഹര്‍ത്താല്‍ 18-ാം തിയതി രാത്രി 12 മണി വരെയായിരുന്നു. എന്നാല്‍ 18-ാം തിയതി വൈകിട്ട് 6 മണിക്കു ശേഷം ഔട്ട്ലറ്റുകള് തുറക്കാന്‍ ബിവറേജസ് കോര്പ്പറേഷന് എംഡി സ്പര്‍ജന്‍ കുമാര്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ സംസ്ഥാനത്ത് 15-ഓളം ഔട്ട്ലെറ്റുകള് ഈ നിര്‍ദേശം അനുസരിച്ചില്ലെന്ന് കണ്ടെത്തി. ഓരോ ഔട്ട്ലെറ്റിനും ഒരു ലക്ഷം മുതല്‍ മൂന്നര ലക്ഷം രൂപ വരെ നഷ്ടമുണ്ടായതായാണ് ബിവറേജസ് കോര്പറേഷന് കണക്കാക്കുന്നത്. വിഷയത്തില്‍ ഔട്ട്ലെറ്റ് മാനേജര്‍മാര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ നടപടിയായാണ് ചാര്‍ജ് മെമ്മോ നല്‍കിയിരിക്കുന്നത്.
Post Your Comments