ദുബൈ: ദുബൈയില്‍ കെട്ടിട വാടക നല്കുന്നതില് വീഴ്ച വരുത്തി നടപടി നേരിടുന്നവര്‍ക്ക് വാടക തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ വിമാനത്താവളത്തില്‍ സംവിധാനം ഏര്‍പ്പെടുത്തി. ദുബൈ റെന്റല്‍ ഡിസ്പ്യൂട്ട് സെന്ററാണ് വിമാനത്താവളത്തില്‍ സൗകര്യം ഏര്‍പ്പെടുത്തിയത്.ദുബൈ വിമാനത്താവളത്തിലെ കേന്ദ്രത്തില്‍ വാടക കൊടുത്ത് യാത്ര തുടരാം. അല്ലെങ്കില്‍ ജഡ്ജിയുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലെ നിയമപ്രകാരം പതിനായിരം ദിര്‍ഹത്തിന് മേല്‍ വാടക കുടിശ്ശികയുള്ളവര്‍ക്ക് രാജ്യത്തിന് പുറത്തേക്ക് പോകാന്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്താം.
പലപ്പോഴും വിമാനത്തില്‍ എത്തുമ്പോഴാണ് വാടക തര്‍ക്കം യാത്രാവിലക്കില്‍ എത്തിയെന്ന വിവരം യാത്രക്കാര്‍ അറിയുന്നത്. അത്തരം സാഹചര്യങ്ങളില്‍ വിമാനത്താവളത്തിനകത്ത് തന്നെ പ്രശ്നം പരിഹരിക്കാന്‍ ഈ സംവിധാനം ഉപകരിക്കും. വാടക മുടക്കിയതിന്റെ പേരില്‍ യാത്രാവിലക്ക് വരെ നേരിടുന്നവര്‍ക്ക് ഈ സംവിധാനം സഹായകരമാകും. സ്മാര്‍ട്ട് സംവിധാനം വഴി കേസ് ജഡ്ജിയുടെ മുന്നിലെത്തിക്കാനും ഒത്തുതീര്‍പ്പ് വഴികള്‍ നിശ്ചയിക്കാനും കഴിയും.വാടക ഭാഗികമായി കൊടുത്ത് തീര്‍ത്ത് യാത്ര തുടരാം. അല്ലാത്ത പക്ഷം, ജാമ്യക്കാരനെ കണ്ടെത്തി യാത്ര തുടരാനും ഇതില്‍ സംവിധാനമുണ്ടാകും.
Post Your Comments