Latest NewsUAE

ദുബായിൽ പതിനാലുകാരിയെ മദ്യലഹരിയില്‍ അപമാനിച്ചു; ഇന്ത്യക്കാരനെതിരെ കേസ്

ദുബായ് : പതിനാലുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ മദ്യലഹരിയില്‍ അപമാനിച്ച സംഭവത്തില്‍ ഇന്ത്യക്കാരനെതിരെയുള്ള കേസ് ദുബൈ കോടതിയില്‍. നിര്‍മാണ തൊഴിലാളിയായ 32 കാരനാണ് ദുബൈ പോലീസിന്റെ പിടിയിലായത്. വിദ്യാര്‍ഥിനി മെട്രോ സ്‌റ്റേഷനിലൂടെ നടക്കുന്നതിനിടെ ഇയാള്‍ ദുരുദ്ദേശത്തോടെ പെണ്‍കുട്ടിയെ സ്പര്‍ശിച്ചു എന്നാണ് കേസ്.

എന്നാല്‍ പ്രതിയായ ഇന്ത്യക്കാരന്‍ ദുബൈ പ്രാഥമിക കോടതിയില്‍ ആരോപണം നിഷേധിച്ചു. അബദ്ധത്തിലാണ് താന്‍ പെണ്‍കുട്ടിയെ സ്പര്‍ശിച്ചതെന്നായിരുന്നു ഇയാളുടെ വാദം. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബര്‍ ദുബൈ പോലീസ് സ്‌റ്റേഷനിലാണ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. മെട്രോ സ്‌റ്റേഷനില്‍ സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ കോടതിയില്‍ നല്‍കിയ മൊഴി ഇങ്ങനെയാണ്;

താന്‍ സ്‌റ്റേഷനില്‍ ഡ്യൂട്ടി ചെയ്യവേ പെണ്‍കുട്ടിയും ടിക്കറ്റ് നല്‍കുന്നയാളും തന്നെ സമീപിച്ച്‌ ഒരാള്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതിപ്പെടുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. തുടര്‍ന്ന് പോലീസുകാരന്‍ യുവാവിനെ ക്യാബിനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തപ്പോള്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് സമ്മതിക്കുകയായിരുന്നു. ഇതോടെ ഡ്യൂട്ടി ഓഫിസറെ വിവരമറിയിച്ച്‌ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയെന്നും പോലീസ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി.

പെണ്‍കുട്ടി ഈ സമയത്ത് കരയുകയായിരുന്നുവെന്നും കരഞ്ഞുകൊണ്ടാണ് തന്നോട് പരാതി പറഞ്ഞതെന്നും പോലീസുകാരന്‍ പറയുന്നു. പെണ്‍കുട്ടി വല്ലാതെ ഭയന്നിരുന്നു. ഉടന്‍ തന്നെ ടിക്കറ്റ് നല്‍കുന്ന ജീവനക്കാരനോട് പരാതി പറഞ്ഞു. സംഭവത്തിന് മുന്‍പ് ഒരിക്കല്‍ പോലും ഇയാളെ കണ്ടിട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.

പ്രതി മദ്യലഹരിയിലായിരുന്നുവെന്നും പെണ്‍കുട്ടി സ്‌റ്റേഷനിലൂടെ വരുമ്ബോള്‍ കയറിപിടിക്കുകയായിരുന്നുവെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. യുവാവ് പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മെട്രോ സ്‌റ്റേഷനിലെ സിസിടിവി ക്യാമറയിലും പതിഞ്ഞിരുന്നു.

സംഭവം നടക്കുമ്ബോള്‍ മെട്രോ സ്‌റ്റേഷനില്‍ വലിയ തിരക്കില്ലായിരുന്നു. പ്രതി പെണ്‍കുട്ടിയുടെ സമീപത്തുകൂടെ നടന്നു പോവുകയും ദേഹത്ത് സ്പര്‍ശിക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങള്‍ കേസിന് കൂടുതല്‍ ശക്തി പകര്‍ന്നു. പ്രതിക്കെതിരെ അനുമതിയില്ലാതെ മദ്യപിച്ചതിന് മറ്റൊരു കേസും പോലീസ് എടുത്തു. ഈ ഇനത്തില്‍ 2000 ദിര്‍ഹം പിഴ നല്‍കണം. പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ ഫെബ്രുവരി 13ന് കോടതി വിധി പറയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button