ഒറ്റപ്പാലം: അനങ്ങന്‍മലയില്‍ വീണ്ടും തീപ്പിടുത്തം. വരോട്, കോതകുറിശ്ശി, അനങ്ങനടി എന്നീ ഭാഗങ്ങളിലാണ് തീ പടര്‍ന്നത്. വനംവകുപ്പിന്റെ ഏഴ് ഹെക്ടര്‍ വനഭൂമിയടക്കം 12 ഹെക്ടറോളം സ്ഥലം കത്തിനശിച്ചു.
വരോട് മരമില്ല് ഭാഗത്ത് ജനവാസമേഖലയ്ക്കടുത്തുവരെ തീപടര്‍ന്നെത്തി. ഈ ഭാഗങ്ങളില്‍ നാട്ടുകാരും വനംവകുപ്പും ചേര്‍ന്ന് തീയണച്ച് താത്കാലിക സുരക്ഷയൊരുക്കിയിട്ടുണ്ട്. എന്നാല്‍, തീ പൂര്‍ണമായി കെടുത്താനായിട്ടില്ലെന്നാണ് വനംവകുപ്പധികൃതര്‍ പറയുന്നത്.
ശനിയാഴ്ച രാത്രിയോടെ കോതകുറിശ്ശിയില്‍ മലയോരഭാഗത്തുനിന്നാണ് തീ പടര്‍ന്നുതുടങ്ങിയത്. പിന്നീട് മറ്റിടങ്ങളിലേക്ക് വ്യാപിക്കയായിരുന്നു. തീപ്പിടിത്തമുണ്ടായ വനംവകുപ്പിന്റെ ഏഴ് ഹെക്ടര്‍ സ്ഥലത്ത് വലിയ മരങ്ങളൊന്നും കത്തിനശിച്ചിട്ടില്ലെന്നും കുറ്റിക്കാടുകളും ഉണക്കപ്പുല്ലുമാണ് കത്തിയതില്‍ കൂടുതലെന്നുമാണ് വനംവകുപ്പധികൃതര്‍ പറയുന്നത്. എന്നാല്‍, വലിയ മരങ്ങളും കത്തിയിട്ടുണ്ടെന്ന് മലയോരത്തുള്ളവര്‍ പറയുന്നു.
മലേഷ്യന്‍ക്വാറി പരിസരമള്‍പ്പെടെ സ്വകാര്യവ്യക്തികളുടെ ഏകദേശം അഞ്ച് ഹെക്ടറോളം സ്ഥലവും കത്തിനശിച്ചിട്ടുണ്ട്. വനവത്കരണമെന്ന ലക്ഷ്യത്തോടെ അനങ്ങനടിപഞ്ചായത്ത് വെച്ചുപിടിപ്പിച്ച ഫലവൃക്ഷത്തൈകളും കത്തിനശിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ അനങ്ങന്‍ മലയിലുണ്ടായത് കാട്ടുതീയല്ലെന്നും മനുഷ്യര്‍ തീയിട്ടതാണെന്നുമാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. ഇത് കണ്ടെത്താനായി വനംവകുപ്പ് തിരുവാഴിയോട് സെക്ഷന്‍ അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അനങ്ങന്‍മലയില്‍ രണ്ട് മാസത്തിവനിടെയുണ്ടായ തീപിടുത്തത്തില്‍ കത്തിനശിച്ചത് 20 ഹെക്്ടര്‍ ഭൂമിയാണ്. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments