പത്തനംതിട്ട: ആധുനിക സംവിധാനങ്ങളോടെ ഹൃദ്രോഗ ചികിത്സയ്ക്കായി എട്ട് കോടി രൂപ ചെലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ച കാര്‍ഡിയാക് കാത്ത് ലാബ് ആരോഗ്യ മന്ത്രി കെ കെ ശൈലജ നാടിന് സമര്‍പ്പിച്ചു. പൊതുജനാരോഗ്യമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും ആരോഗ്യ മേഖലയില്‍ വന്‍ മുന്നേറ്റമാണ് ഉണ്ടായതെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു.
ആതുരസേവന രംഗത്ത് ജില്ലയ്ക്ക് ലഭിച്ച ഏറ്റവും മികച്ച നേട്ടമാണ് ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ച കാര്‍ഡിയാക് കാത്ത് ലാബിന്റെ സൗകര്യം. മികച്ച രീതിയിലുള്ള ചികിത്സ സൗകര്യങ്ങള്‍ ആരോഗ്യ രംഗത്ത് സര്‍ക്കാര്‍ നടപ്പിലാക്കിയതിലൂടെ ആരോഗ്യകേന്ദ്രങ്ങള്‍ കൂടുതല്‍ ജനകീയമായി. ശബരിമല ബേസ് ആശുപത്രിയായ ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബ് വളരെ അത്യാവശ്യമായ ഒന്നായിരുന്നു. ഹൃദയ സംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും കാത്ത് ലാബിലൂടെ സാധാരണക്കാരായ രോഗികള്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭിക്കും. അടിസ്ഥാനപരമായ മാറ്റങ്ങള്‍ ആരോഗ്യമേഖലയ്ക്ക് പുത്തന്‍ ഉണര്‍വാണ് നല്‍കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ശ്രവണ— സംസാര സംബന്ധമായി ആധുനികരീതിയിലുള്ള ശസ്ത്രക്രിയകള്‍ ചെയ്യാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്. രക്തദാതാക്കള്‍ക്കും സ്വീകര്‍ത്താവിനും പരസ്പരം ബന്ധപ്പെടാനും രക്തദാതാക്കളെ തിരയാനും വേണ്ടി ഒരു പൊതു ഡയറക്ടറി മാതൃകയിലാണ് രക്തതാരാവലി മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്. കേരളത്തില്‍ എവിടെനിന്നും രക്താദാതാക്കളെ കണ്ടെത്താന്‍ കഴിയുന്ന രീതിയിലാണ് ആപ്ലിക്കേഷന്‍ സജ്ജമാക്കിയിരിക്കുന്നത്. ജില്ലയില്‍ മാത്രമല്ല സംസ്ഥാനത്തെ തന്നെ ഇത്തരത്തിലെ ആദ്യത്തെ ആപ്ലിക്കേഷനാണ് രക്തതാരാവലി. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാം. തുടര്‍ന്ന് വ്യക്തിവിരങ്ങള്‍ നല്കി രജിസ്റ്റര്‍ ചെയ്യണം. രക്തദാതാക്കളെ നേരിട്ട് ബന്ധപ്പെടാവുന്ന മാതൃകയിലും കേരളത്തിലെ എല്ലാ സ്ഥലങ്ങളിലെ രക്തബാങ്കുകളുടെ വിവരങ്ങള്‍ ഈ ആപ്ലിക്കേഷനില്‍ ജില്ലാ അടിസ്ഥാനത്തില്‍ ലഭ്യമാണ്.
കുട്ടികളുടെ അവകാശ സംരക്ഷണ മേഖലയില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളും സേവനങ്ങളും ഉള്‍പ്പെടുത്തികൊണ്ടുള്ള ചലനം മാഗസിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
Post Your Comments