കരാക്കസ്: വെനിസ്വേലയിലെ പ്രതിപക്ഷ നേതാവ് ജുവാന്‍ ഗെയ്‌ദോവിനെ ഇടക്കാല പ്രസിഡന്റായി അംഗീകരിച്ച യു.എസ് നടപടിയെ തുടര്‍ന്ന് വെനസ്വേലയില്‍ പ്രതിസന്ധി രൂക്ഷം. വെനിസ്വേലയുടെ അമേരിക്കയിലെ സൈനിക നയതന്ത്ര പ്രതിധിനി കേണല്‍ ജോസ് ലൂയിസ് സില്‍വ കൂറുമാറി ജുവാന്‍ ഗെയ്ദോവിന് പിന്തുണ പ്രഖ്യാപിച്ചു.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അമേരിക്കന്‍ പിന്തുണയോടെ അട്ടിമറിക്കാനുള്ള പ്രതിപക്ഷ നീക്കത്തെ ചെറുക്കാന്‍ മദൂറോയ്ക്ക് സൈന്യം പിന്തുണ നല്‍കുമ്പോഴാണ് ലുയിസ് സില്‍വയുടെ കൂറുമാറ്റം. വീഡിയോ സന്ദേശത്തിലൂടെയാണ് സൈനിക നയതന്ത്ര പ്രതിനിധി ലൂയിസ് സില്‍വ കൂറുമാറ്റം പ്രഖ്യാപിച്ചത്. ജുവാന്‍ ഗെയ്ദോവിനെ പ്രസിഡണ്ടായി അംഗീകരിക്കണമെന്നും, രാജ്യത്ത് സ്വതന്ത്ര തെരഞ്ഞെടുപ്പ് സാധ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവിനെ പ്രസിഡണ്ടായി അംഗീകരിച്ച നടപടിയില്‍ യു.എസുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചെന്ന് പ്രസിഡണ്ട് പ്രഖ്യാപിച്ചിരുന്നു. യു.എസ് നയതന്ത്ര പ്രതിനിധികള്‍ 72 മണിക്കൂറിനകം രാജ്യം വിടണമെന്നും മദൂറോ ആവശ്യപ്പെട്ടിരുന്നു.
ജനങ്ങള്‍ക്കും ലോകരാഷ്ട്രങ്ങള്‍ക്കും മുന്നില്‍ ഭരണഘടനപരമായി പ്രസിഡണ്ടെന്ന നിലയില്‍ അമേരിക്കയുമായുള്ള നയ-തന്ത്ര രാഷ്ട്രീയ ബന്ധങ്ങള്‍ വിച്ഛേദിക്കാന്‍ തീരുമാനിച്ചെന്നും വെനസ്വേലയില്‍ നിന്നും യുഎസ് നയതന്ത്ര പ്രതിനിധികള്‍ പുറത്ത് പോകണമെന്നുമായിരുന്നു മദൂറോ പ്രഖ്യാപിച്ചത്.
മദൂറോയുടെ പ്രതികരണത്തിന് പിന്നാലെ തെക്കേ അമേരിക്കയില്‍ വന്‍ പ്രതിഷേധം അരങ്ങേറി. വെനസ്വേലയില്‍ മറ്റൊരു തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയവര്‍ ആവശ്യപ്പെടുന്നത്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും മദൂറോ വിരുദ്ധമനോഭാവത്തിന് ശക്തി വര്‍ധിപ്പിക്കുന്നുണ്ട്.
മദൂറോ രണ്ടാം വട്ടവും പ്രസിഡണ്ടായി അധികാരത്തിലേറിയത് തെരഞ്ഞെടുപ്പില്‍ അട്ടിമറി നടത്തിയാണെന്നാണ് ആരോപണം. മദൂറോ സര്‍ക്കാരിനെ നീക്കം ചെയ്യാനുള്ള പ്രതിപക്ഷ ശ്രമവും ശക്തമായിക്കൊണ്ടിരിക്കുകയാണ്.
Post Your Comments