Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNews

തലശ്ശേരി- മാഹി ബൈപാസ് ലക്ഷ്യത്തിലേക്ക്

 

കണ്ണൂര്‍:  കണ്ണൂര്‍—കോഴിക്കോട് ദേശീയപാതയില്‍ ഗതാഗതക്കുരുക്കില്ലാതെ യാത്രചെയ്യുന്നകാലം ഇനി വിദൂരമല്ല. ബൈപാസിന്റെ പണി അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് നിന്നാരംഭിച്ച് കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ എക്സൈസ് ചെക്ക്പോസ്റ്റ് പരിസരത്ത് അവസാനിക്കുന്ന 18.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് നിര്‍ദിഷ്ട തലശേരി—മാഹി ബൈപാസ്.

പതിനെട്ട് പ്രധാന ജങ്ഷനും ഇരുഭാഗത്തുമായി 5.5 മീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡുമുള്ള നാലുവരിപ്പാതയിലൂടെ എണ്‍പത് മുതല്‍ നൂറ്കിലോമീറ്റര്‍ വരെ വേഗത്തില്‍ വാഹനങ്ങള്‍ക്ക് കടന്നുപോവാം. മുഴപ്പിലങ്ങാട്, ധര്‍മടം, തലശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി വഴിയാണ് ബൈപാസ് കടന്നുപോവുന്നത്. 2017 ഡിസംബര്‍ നാലിനാണ് ബൈപാസ് നിര്‍മാണജോലികള്‍ തുടങ്ങിയത്. ഔപചാരിക പ്രവൃത്തി ഉദ്ഘാടനം ഒക്ടോബര്‍ 30ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയും ചേര്‍ന്നാണ് നിര്‍വഹിച്ചത്.

ബൈപാസില്‍ പുഴകള്‍ക്ക് കുറുകെ നാല് പാലവും അഴിയൂരില്‍ ഒരു റെയില്‍വേ മേല്‍പാലവും നിര്‍മിക്കും. നിലവില്‍ ചെറുതും വലുതുമായ വാഹനങ്ങള്‍ കടന്നുപോവുന്ന പ്രാദേശിക റോഡുകള്‍ക്ക് കുറുകെ പന്ത്രണ്ട് മേല്‍പാലങ്ങള്‍ വേറെയുമുണ്ട്. 19 പൈപ്പ് കള്‍വര്‍ട്ടും 56 കലുങ്കുകളും ഒപ്പം 37.2 കിലോമീറ്റര്‍ ഡ്രൈനേജ് സംവിധാനവും ബൈപാസില്‍ വിഭാവനം ചെയ്യുന്നു. 1181 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കരാര്‍ വ്യവസ്ഥപ്രകാരം 2020 മെയ് 31ന് പ്രവൃത്തി പൂര്‍ത്തിയാക്കണം.
പാലങ്ങളുടെ പൈലിങ്ങ് പൂര്‍ത്തിയാവുന്നു.

ബൈപാസില്‍ പുഴകള്‍ക്ക് കുറുകെയുള്ള പാലങ്ങളുടെ പൈലിങ്ങ് ജോലികള്‍ അഞ്ചരക്കണ്ടിയിലും കുയ്യാലിയിലും പൂര്‍ത്തിയായി. ധര്‍മടം പുഴക്ക് കുറുകെയുള്ള പാലത്തിന്റെ പൈലിങ്ങും അടുത്ത ആഴ്ചയോടെ തീരും. മയ്യഴിപ്പുഴക്ക് കുറുകെ പെരിങ്ങാടി മാങ്ങാട് വയലില്‍ നിന്നാരംഭിക്കുന്ന മേല്‍പാലത്തിന്റെ പൈലിങ്ങ് ജോലിയും പുരോഗമിക്കുകയാണ്. പന്ത്രണ്ട് മേല്‍പാലങ്ങളില്‍ എട്ടെണ്ണത്തിന്റെ പണി തീര്‍ന്നു. കലുങ്കുകളുടെ പണിയും വേഗത്തിലാണ് നീങ്ങുന്നത്. റോഡിന്റെയും അരികുഭിത്തികളുടെയും പാലത്തിന്റെയും മറ്റു പ്രവൃത്തിക്കായി നൂറ്കണക്കിന് തൊഴിലാളികളാണ് മുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍വരെ ജോലിചെയ്യുന്നത്.
നേരത്തെയുള്ള രൂപരേഖക്ക് പുറമെ പാലയാട് ഹൈസ്‌കൂള്‍ റോഡ്, പള്ളൂര്‍– നടവയല്‍റോഡ്, പള്ളൂര്‍– ചാലക്കര റോഡ്, കവിയൂര്‍, മങ്ങാട് എന്നിവിടങ്ങളില്‍ പുതിയ അടിപ്പാതയും നാഷനല്‍ ഹൈവേ അതോറിറ്റി അംഗീകരിച്ചിട്ടുണ്ട്. ഇവിടങ്ങളിലും പ്രാരംഭപ്രവൃത്തി തുടങ്ങി. സ്ഥലമെടുപ്പും നഷ്ടപരിഹാരത്തിനായുള്ള സമരങ്ങളും നാടിന്റെ നീണ്ട കാത്തിരിപ്പിനും വിരാമമിട്ട് ബൈപാസ് നിര്‍മാണം പുരോഗമിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇഛാശക്തിയോടെയുള്ള ഇടപെടലാണ് വിജയം കാണുന്നത്.

shortlink

Post Your Comments


Back to top button