Latest NewsKerala

തുല്യനീതിക്കു വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്തണം: മന്ത്രി ഇ പി ജയരാജന്‍

കണ്ണൂര്‍ : ഭരണഘടന ഉറപ്പുനല്‍കുന്ന സാമൂഹ്യ-സാമ്പത്തിക നീതിയുടെ ഉള്ളടക്കമില്ലെങ്കില്‍ ജനാധിപത്യം നിരര്‍ത്ഥകമാവുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. അതിനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. അറുപത്തി ഒന്‍പതാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക മന്ത്രാലയം ആരംഭിച്ചതും പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കായി ജനസംഖ്യാനുപാതിക ബജറ്റ് വിഹിതം അനുവദിച്ചതും സാമൂഹ്യ-സാമ്പത്തിക നീതിക്കായുള്ള ശ്രമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

സമത്വഭാവനയില്‍ അധിഷ്ഠിതമായ സമൂഹത്തെയാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ എത്രത്തോളം മുന്നോട്ടുപോവാന്‍ നമുക്ക് സാധിച്ചുവെന്ന് നാം ആത്മപരിശോധന നടത്തണം. സമൂഹത്തില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കാന്‍ വ്യാപകമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെ ചെറുത്തുനില്‍ക്കാന്‍ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് കരുത്തുപകരണം.എല്ലാവരും തുല്യരാണെന്നും ആരും രണ്ടാംതരം പൗരന്‍മാരല്ലെന്നുമുള്ള ബോധം സമൂഹത്തില്‍ ശക്തിപ്പെടുത്താന്‍ സാധിക്കണം. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതി ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ചെറിയ ഇടവേളയിലൊഴികെ രാജ്യത്ത് ജനാധിപത്യ ഭരണസംവിധാനം നിലനിര്‍ത്താന്‍ സാധിച്ചുവെന്നത് നമ്മുടെ വലിയ നേട്ടമാണ്. നമ്മുടെ ഭരണഘടനാ ശില്‍പികളോട് നാമതിന് കടപ്പെട്ടിരിക്കുന്നു. ജനാധിപത്യം ധ്വംസിക്കപ്പെടാതെ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്. പുറത്തു നിന്നുള്ള ഭീഷണികള്‍ക്കൊപ്പം അകത്തു തന്നെയുള്ള ശക്തികളില്‍ നിന്നും രാജ്യം ഭീഷണികള്‍ നേരിടുകയാണ്. നാടിന്റെ ഐക്യം തകര്‍ക്കാനും രാജ്യത്തെ ഛിദ്രമാക്കാനുമുള്ള വിപല്‍ക്കരമായ നീക്കങ്ങള്‍ നടക്കുന്നു. ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പ്രദേശത്തിന്റെയും പേരില്‍ ഇന്ത്യയെന്ന വികാരത്തെ ഇല്ലാതാക്കാനാണ് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നത്. ഇതിനെതിരേ ജാഗ്രത വേണം. ഭരിക്കുന്നവരുടെ തെറ്റായ നയങ്ങള്‍ കാരണം കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ നാലു ലക്ഷം കര്‍ഷകരാണ് കടക്കെണിയാല്‍ ആത്മഹത്യ ചെയ്തത്. നോട്ടു നിരോധനത്തിന്റെ ഫലമായുണ്ടായ മരണങ്ങള്‍ വേറെ. തൊഴില്‍മേഖല കലുഷിതമായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം 1.1 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായി. ഇതില്‍ 88 ലക്ഷം പേരും സ്ത്രീകളാണ് എന്നത് വളരെ ഗൗരവതരമാണ്. ഈ രീയില്‍ മുന്നോട്ടുപോയാല്‍ തൊഴില്‍ മേഖലയിലും ആത്മഹത്യകളുണ്ടാവുന്ന സ്ഥിതിയാണുണ്ടാവുക. ഈ അവസ്ഥയ്ക്ക് മാറ്റം വരേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button