കാസര്‍ഗോഡ്: മനുഷ്യര്‍ ഒന്നാണെന്ന് ആ വലിയ സന്ദേശം അറിയാത്ത ചില ഗ്രാമങ്ങളുണ്ട് നമ്മുടെ കേരളത്തില്‍. നവോഥാനത്തിന്റെയും തുല്യനീതിയുടെയും ഈ കാലത്ത് ജാതി വിവേചനം ദൃശ്യമാകുന്നത് മറ്റെവിടെയുമല്ല കാസര്‍ഗോഡിലാണ്. ജില്ലയുടെ വടക്കന്‍ മേഖലകളിലാണ് പന്തി വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നത്. പൊതു സ്വകാര്യ പരിപാടികളില്‍ മേല്‍ജാതിക്കാര്‍ക്കും കീഴ് ജാതിക്കാര്‍ക്കും വ്യത്യസ്ത പന്തിയാണ് ഇവിടെ ഒരുക്കുന്നത്. സംസ്ഥാനം പന്തിഭോജനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് ഇവിടെ വ്യത്യസ്ത പന്തികളുമായി പൊതുപരിപാടികള്‍ ഒരുക്കുന്നത്.
കാസര്‍ഗോട്ടെ വടക്കന്‍ ഗ്രാമങ്ങളിലെത്തിയാല്‍ അയിത്തവും ആചാരങ്ങളും കാണാം. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ബെള്ളൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് ദിവസവും ഉച്ചക്ക് വിഭവസമൃദമായ സദ്യയുണ്ട്. എന്നാല്‍ രണ്ട് പന്തലുകളിലായാണ് ഭക്ഷണ വിതരണമെന്ന് മാത്രം. ആദ്യത്തെ പന്തല്‍ ചുറ്റമ്പലത്തിന് തൊട്ടു പിറകിലാണ്. ഇവിടെ ഭക്ഷണം മേല്‍ ജാതിക്കാര്‍ക്ക് മാത്രമാണ്. ഇലയിട്ട് ഇരുന്നാല്‍ മതി വന്ന് വിളമ്പിത്തരും. ഇവിടെ കീഴ്ജാതിക്കാര്‍ക്ക് അയിത്തമാണ്. പിന്നീടുള്ളത് ക്ഷേത്ര പരിസരത്ത് നിന്ന് മാറിയാണ്. അല്‍പം ദൂരെയുള്ള ഇവിടെയാണ് മറ്റു ജാതിക്കാര്‍ക്കുള്ള ഭക്ഷണം. വിളമ്പുന്ന വിഭവങ്ങളിലുമുണ്ട് വ്യത്യാസം. കല്യാണമടക്കം സ്വകാര്യചടങ്ങുകളുടേയും സ്ഥിതി ഇങ്ങനെ തന്നെ.
1917ല്‍ സഹോദരന്‍ അയ്യപ്പന്‍ മിശ്രഭോജനം നടത്തിയതിന്റെ നൂറാം വാര്‍ഷികം അടുത്തിടെയാണ് കേരളം ആഘോഷിച്ചത്. മലബാറിലെ ഏറ്റവും വലിയ പന്തിഭോജനം നടന്ന കാസര്‍ഗോട്ടെ കൊടക്കാട്ടേക്ക് ഇവിടുന്ന് മണിക്കൂറുകളുടെ ദൂരം മാത്രമാണ് ഉള്ളത്. എന്നിട്ടും മനുഷ്യര്‍ ഒന്നാണെന്ന ആ വലിയ സന്ദേശം ഇവിടെ അറിഞ്ഞമട്ടില്ല.
Post Your Comments