ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഉജ്വല-പാചകവാതകപദ്ധതി ഗുജറാത്തിലെ ആദിവാസികള്‍ക്ക് നല്‍കുന്നത് കഠിനജീവിതം. ഈ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ചെലവുകൂടിയതും പല ബിപിഎല്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതുമായത് കൊണ്ട് ആദിവാസികള്‍ പദ്ധതിയില്‍ ഒഴിഞ്ഞുമാറുകയാണ് ഇപ്പോള്‍. ‘ജീവിതം ലഘൂകരിക്കല്‍’ എന്ന് വിശേഷിപ്പിച്ചാണ് ഈ പദ്ധതിക്ക് തുടക്കമായത്. ഗ്രാമീണസ്ത്രീകളെ അടുക്കളപ്പുകയില്‍ നിന്ന് രക്ഷിക്കുക, വിറകിന്റെ ഉപയോഗം കുറയ്ക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യം.
പദ്ധതി പ്രകാരം സൗജന്യമായി രാജ്യത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പാചകവാതക കണക്ഷനാണ് സര്‍ക്കാര്‍ നല്‍കിയത്. ഒരു കണക്ഷന് 1600 രൂപ എന്ന നിരക്കില്‍ എണ്ണക്കമ്ബനികള്‍ക്ക് സര്‍ക്കാര്‍ നല്‍കും. പക്ഷെ കണക്ഷനുള്ള സൗജന്യവും ഒപ്പം സ്റ്റൗ വാങ്ങുന്നതിനുള്ള ആനുകൂല്യങ്ങളും മാത്രമേ സര്‍ക്കാര്‍ നല്‍കുകയുള്ളൂ. കണക്ഷന്‍ ലഭിച്ചു. എങ്കിലും പിന്നീടുള്ള സിലിന്‍ഡറുകള്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ഇവര്‍ സിലിന്‍ഡര്‍ വാങ്ങുന്നത് നിര്‍ത്തി. എന്നാല്‍ ഗ്യാസ് കണക്ഷന്‍ കിട്ടിയതോടെ ബിപിഎല്‍ റേഷന്‍ ഉള്‍പ്പെടെ ഉള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണെന്നും പദ്ധതിയുടെ ഗുണഭോക്താക്കള്‍ വ്യക്തമാക്കി.
ഗുജറാത്തിലെ നാല് ആദിവാസി ജില്ലകളില്‍ അഹമ്മദാബാദ് ആസ്ഥാനമായ ദിശ ഫൗണ്ടേഷന്‍ നടത്തിയ സര്‍വേയിലായിരുന്നു ഈ കണ്ടെത്തല്‍. 1080 ആദിവാസികുടുംബങ്ങളിലാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ 83.8 ശതമാനം കുടുംബങ്ങളും ഗ്യാസ് സിലിന്‍ഡര്‍ വാങ്ങുന്നത് നിര്‍ത്തിയതായും കണ്ടെത്തി.8000 കോടി രൂപ വകയിരുത്തി 2016ല്‍ ആയിരുന്നു ഈ പദ്ധതിയുടെ തുടക്കം.
Post Your Comments