കോട്ടയം: പൊതുപരിപാടികളിലെ പങ്കാളിത്തം രാഷ്ട്രീയവത്ക്കരിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി നിഷ ജോസ്.കെ.മാണി. ലോക്സഭ സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണങ്ങള്‍ തള്ളി നിഷ രംഗത്തെത്തി.. താനൊരു സാമൂഹ്യപ്രവര്‍ത്തകയാണെന്നും പൊതുപരിപാടികളിലെ പങ്കാളിത്തം രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ലെന്നും നിഷ വ്യക്തമാക്കി. ഇത്തവണയോ പിന്നീടോ രാഷ്ട്രീയ പ്രവേശനം ആഗ്രഹിക്കുന്നില്ലെന്നും നിഷ കൂട്ടിച്ചേര്‍ത്തു.
കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി നിരവധി ആളുകളുടെ പേരുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. കെ.എം.മാണിയുടെ മരുമകളും ജോസ് കെ.മാണിയുടെ ഭാര്യയുമായ നിഷ ജോസ് കെ.മാണിയുടെ പേരാണ് ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ടത്. എന്നാല്‍ നിഷയുടെ സ്ഥാനാര്‍ഥിത്വം തള്ളി പാര്‍ട്ടി നേതൃത്വം തന്നെ രംഗത്തുവന്നിരുന്നു. ജോസ് കെ. മാണിയുടെ കേരള മാര്‍ച്ച് തുടങ്ങുന്നതിനു മുന്‍പുള്ള പ്രഖ്യാപനം അടവുനയമെന്നാണ് അണികള്‍ പോലും വിശ്വസിച്ചത്. എന്നാല്‍ മത്സരിക്കില്ലെന്ന പാര്‍ട്ടി തീരുമാനം നിഷ തന്നെ സ്ഥിരീകരിച്ചു.
ഇത്തവണ ഇല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പുകളിലൊന്നില്‍ നിഷ മത്സരിക്കുമെന്ന് ഉറപ്പിച്ചവരുമുണ്ട്. പൊതുപരിപാടികളിലെ പങ്കാളിത്തമാണ് സംശയത്തിന് കാരണം. എന്നാല്‍ ആ സാധ്യതയും നിഷ തള്ളി. താനൊരു സാമൂഹ്യപ്രവര്‍ത്തകയാണെന്നും അതിനു രാഷ്ട്രീയലക്ഷ്യങ്ങളില്ലെന്നുമാണ് നിഷ പറഞ്ഞത്.
Post Your Comments