പാന്റ്സിന്റെ പോക്കറ്റില്‍ പഴ്‌സ് വെക്കുക എന്നത് പലരുടെയും ശീലമാണ്. ഈ ശീലമാണ് നിങ്ങളെ പിന്നീട് കാല്‍വേദനയിലേക്കും നിതംബ വേദനയിലേക്കും എത്തിക്കുന്നത്.
‘ഇരിക്കുമ്പോള്‍ നിതംബ ഭാഗത്തൊരു വേദന. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ കാലുകളിലേക്കും ആ വേദന പടരുന്നു. കാലിനൊരു മരവിപ്പും വേദനയുമൊക്കെ. ഇരിക്കുമ്പോള്‍ അസ്വസ്ഥത, എന്നാല്‍ നടുവേദനയല്ല, പിന്നെന്താണ്?’ ചിലരൊക്കെ ചോദിക്കുന്ന ചോദ്യമാണിത്.
പലരുടെയും സ്ഥിരം ശീലങ്ങളിലൊന്നാണ് പാന്റ്സിന്റെ പിന്നിലെ പോക്കറ്റില്‍ പഴ്സ് വെക്കുന്നത്. ഈ ശീലമാണ് നിങ്ങളുടെ കാല്‍വേദനയ്ക്കും നിതംബ വേദനയ്ക്കും പിന്നിലുള്ളത്. ഫാറ്റ് വാലറ്റ് സിന്‍ഡാം, വാലറ്റ് സയാറ്റിക്ക, പിരിഫോര്‍മിസ് സിന്‍ഡ്രം എന്നിങ്ങനെ പല പേരുകളുണ്ട് ഈ രോഗത്തിന്. എന്നാല്‍ ഇതുമൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ ചില്ലറയൊന്നുമല്ല. നടക്കുമ്പോള്‍ അരക്കെട്ടിനെ പുറമേ ചലപ്പിക്കുന്നത് നിതംബത്തിന്റെ പിന്‍ഭാഗത്തുള്ള ഗ്ലൂട്ടസ് മാക്സിമസ് പേശികളാണ്. ബാക്ക് പോക്കറ്റില്‍ പഴ്സ് വെച്ച് ഇരിക്കുമ്പോള്‍ ഈ ഭാഗത്തുള്ള പിരിഫോര്‍മിസ് (piriformis) പേശികള്‍ക്ക് സമ്മര്‍ദമുണ്ടാവുന്നു. ഈ ഭാഗത്തുള്ള സയാറ്റിക്ക എന്ന നാഡിയും ഞെരുങ്ങി സമ്മര്‍ദത്തിലാകുന്നു. സയാറ്റിക്ക ഞെരുങ്ങുന്നതോടെ നിതംബ ഭാഗത്തും തുടയുടെ പിന്നിലേക്കും കാല്‍വണ്ണയിലെ പേശികളിലേക്കും വേദന പടരുന്നു.
പരിഹാരമാര്‍ഗങ്ങള്‍
പഴ്‌സ് ബാക്ക് പോക്കറ്റില്‍ വെക്കാതിരിക്കുത എന്നതുമാത്രമാണ് ഈ വേദന അകറ്റാനുള്ള പരിഹാരം. വേദന മാറുന്നില്ലെങ്കില്‍ ഡോക്ടറെ കണ്ട് ചികിത്സ തേടണം. ഇത്തരം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വേദന വര്‍ധിപ്പിക്കുന്ന തരത്തിലുള്ള കഠിനമായ പ്രവൃത്തികളൊന്നും ചെയ്യരുത്. തുടര്‍ച്ചയായി ഒരേ ഇരുപ്പ് ഇരിക്കുന്നതും ഒഴിവാക്കണം. കഠിനമായ ജോലികള്‍ ചെയ്യുന്നതിന് മുന്‍പ് വാം അപ്പ്, സ്‌ട്രെച്ചിങ് എന്നിവ ചെയ്യുക. വ്യായാമം ചെയ്യുമ്പോള്‍ കൃതമായ ശരീരഘടനയും ബാലന്‍സും ഉണ്ടെന്ന് ഉറപ്പുവരുത്തണം. മാര്‍ദവമില്ലാത്ത പ്രതലങ്ങളില്‍ ദീര്‍ഘനേരം ഇരിക്കരുത്. സമ്മര്‍ദം മൂലം മുറുകിയിരിക്കുന്ന പിരിഫോര്‍മിസ് പേശിക്ക് അയവു നല്‍കുന്ന വ്യായാമങ്ങളും ചെയ്യണം.
Post Your Comments