Latest NewsKerala

പിറവം പള്ളിത്തര്‍ക്കം; ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പിന്മാറി

കൊച്ചി : പിറവം പള്ളിത്തര്‍ക്ക കേസ് കേള്‍ക്കുന്നതില്‍ നിന്ന് മൂന്നാം തവണയും ഹൈക്കോതി ഡിവിഷന്‍ ബെഞ്ച് പിന്മാറി. ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം, ജസ്റ്റിസ് ടി വി അനില്‍കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കാരണം വ്യക്തമാക്കാതെ പിന്മാറിയത്.

പിറവം പള്ളി ഓര്‍ത്തഡോക്സ് സഭയ്ക്ക് വിട്ടു കൊടുക്കണമെന്നുള്ള സുപ്രിം കോടതി വിധി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന് മുന്നിലെത്തിയിരുന്നു. ഈ സമയത്ത് ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം, ജസ്റ്റിസ് ടി വി അനില്‍കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നു.

നേരത്തെ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് പി ആര്‍ രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചും, ജസ്റ്റിസ് ചിദംബരേഷ് അടങ്ങിയ ഡിവിഷന്‍ ബെഞ്ചും പിന്മാറിയിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വക്കീലായിരിക്കെ സഭാതര്‍ക്കം സംബന്ധിച്ച കേസില്‍ ഒരു വിഭാഗത്തിനായി ഹാജരായിട്ടുണ്ടെന്ന വാദം യാക്കോബായ വിഭാഗം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ആദ്യ ബെഞ്ചിന്റെ പിന്മാറ്റം. ഇപ്പോള്‍ മൂന്നാം തവണയാണ് ഹൈക്കോടതി ബെഞ്ച് ഈ കേസില്‍ നിന്നും പിന്മാറുന്നത്.

ജസ്റ്റിസ് ചിദംബരേഷ് യാക്കോബായ വിഭാഗത്തിന് വേണ്ടി നേരത്തെ ഹാജരായതാണെന്ന് ചൂണ്ടികാട്ടിയതിനെ തുടര്‍ന്നായിരുന്നു രണ്ടാമത്തെ ബെഞ്ചിന്റെ പിന്മാറ്റം. യാക്കോബായ വിഭാഗം അഭിഭാഷകനായിരുന്നു ഇക്കാര്യം കോടതിയെ അറിയിച്ചത്. ജഡ്ജിമാരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് ഏറ്റവും മോശം പ്രവൃത്തിയാണെന്ന് ചൂണ്ടികാട്ടിയായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ പിന്മാറ്റം. എന്നാല്‍ ഇത്തവണ പിന്മാറ്റത്തിന് കാരണം വ്യക്തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button