Latest NewsNewsIndia

പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശം; സുമിത്ര മഹാജന് മറുപടിയുമായി ഉമര്‍ അബ്ദുല്ല

 

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് മറുപടിയുമായി മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല.

‘മാം, നിങ്ങള്‍ ലോക്സഭയുടെ സ്പീക്കറാണ്. ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ഈ വലിയ പദവി ഒഴിഞ്ഞ ശേഷം നടത്തിയാല്‍ പോരേ?’ – സുമിത്ര മഹാജന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ട് ഉമര്‍ അബ്ദുല്ല ട്വിറ്ററില്‍ കുറിച്ചു.

മുതിര്‍ന്ന ബി.ജെ.പി നേതാവും ഇന്‍ഡോറില്‍ നിന്നുള്ള അംഗവുമായ സുമിത്ര മഹാജന്‍, പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ രാഹുല്‍ ഗാന്ധിയുടെ കഴിവുകേടായാണ് വിശേഷിപ്പിച്ചത്: ‘പ്രിയങ്ക നല്ല സ്ത്രീയാണ്. പക്ഷേ, അവരുടെ നിയമനം രാഹുല്‍ ഗാന്ധിക്ക് രാഷ്ട്രീയം ഒറ്റക്ക് കൈകാര്യം ചെയ്യാന്‍ കഴിയുകയില്ല എന്നുകൂടി കാണിക്കുന്നതാണ്. സ്വന്തം നിലയ്ക്ക് കാര്യങ്ങള്‍ ചെയ്യാന്‍ കഴിവില്ലാത്തതുകൊണ്ടാണ് രാഹുല്‍ സഹോദരിയുടെ സഹായം തേടിയത്.’ – സുമിത്ര മഹാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘കോണ്‍ഗ്രസിന്റെ കുടുംബ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതവരുടെ കാര്യം. പക്ഷേ, ഒരാള്‍ക്ക് നേതൃഗുണങ്ങളുണ്ടെങ്കില്‍ അയാള്‍ക്ക് മുന്നോട്ടുവരാനുള്ള അവസരങ്ങള്‍ ലഭിക്കണമെന്നാണ് എന്റെ നിലപാട്.’ – സുമിത്ര മഹാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് വെസ്റ്റിന്റെ ചുമതല ഏല്‍പ്പിക്കപ്പെട്ട ജ്യോതിരാദിത്യ സിന്ധ്യയെയും അവര്‍ അഭിനന്ദിച്ചു.

സുമിത്രയുടെ അഭിപ്രായപ്രകടനങ്ങള്‍ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നുയരുന്നത്. സ്പീക്കര്‍ രാഷ്ട്രീയ കക്ഷിഭേദമന്യേ നിഷ്പക്ഷത പുലര്‍ത്തേണ്ട വ്യക്തിയാണെന്നും മോദി നിയമിച്ച സ്പീക്കറായതു കൊണ്ടാവാം സുമിത്രക്ക് അത് ബാധകമാകാത്തതെന്നും വെസ്റ്റ് ബംഗാള്‍ കോണ്‍ഗ്രസ് പ്രസ്താവിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button