യു.എ.ഇ ദേശീയ ടീമിന് വേണ്ടി മലയാളി ക്രിക്കറ്റ് താരം നാളെ അന്താരാഷ്ട്ര മല്‍സരത്തില്‍ കളിക്കാനിറങ്ങുന്നു. കണ്ണൂര്‍ തലശ്ശേരി സ്വദേശി റിസ്വാന്‍ സി.പിയാണ് നേപ്പാളിനെതിരെ അരങ്ങേറ്റം കുറിക്കുക. മുന്‍ കേരളാ രഞ്ജിതാരം കൂടിയാണ് ഷാര്‍ജയില്‍ പ്രവാസിയായ റിസ്വാന്‍.
ആഭ്യന്തരക്രിക്കറ്റിലെ മിന്നുന്ന പ്രകടനമാണ് മലയാളിതാരത്തിന് യു.എ.ഇ ദേശീയടീമിലേക്ക് വഴി തുറന്നത്. നേരത്തേ വെസ്റ്റ്ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെതിരെ സൗഹാര്‍ദമല്‍സരം കളിച്ചെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ ഇന്നിങ്സ് നാളെയാണ്. ദുബൈ ഐ.സി.സി അക്കാദമിഗ്രൗണ്ടില്‍ നേപ്പാളിനെതിരെയാണ് റിസ്വാന്‍ പാഡുകെട്ടുക.
മികച്ച ബാറ്റ്സ്മാനും ലെഗ്സ്പിന്നറുമാണ് റിസ്വാന്‍. സെയ്ദാര്‍പള്ളി പൊത്താങ്കണ്ടിയില്‍ അബ്ദുറഊഫിന്റെയും നസ്റിന്റെയും മകനാണ്. 2011 സീസണില്‍ സഞ്ജു വി സാംസണും സച്ചിന്‍ ബേബിക്കുമൊപ്പം കേരളത്തിന് വേണ്ടി രഞ്ജി കളിച്ചിരുന്നു ഈ ബി.ടെക് ബിരുദധാരി. റിസ്വാന് പുറമെ ഗുജറാത്ത് സ്വദേശി ചിരാഗ് സൂറിയാണ് യു.എ.ഇ ടീമിലുള്ള ഇന്ത്യക്കാരന്‍.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃഷ്ണചന്ദ്രന്‍, ലക്ഷ്മണ്‍, മുഹമ്മദ് ഷാനില്‍ എന്നീ മലയാളികളും യു.എ.ഇ ദേശീയ ടീമില്‍ ഇടം കണ്ടെത്തിയിരുന്നു. നേപ്പാളിനെതിരെ മൂന്ന് ഏകദിനവും മൂന്ന് ട്വന്റി 20 മല്‍സരവുമാണ് റിസ്വാന്‍ യു.എ.ഇക്ക് വേണ്ടി കളിക്കുക.
Post Your Comments