IndiaNews

ഐ.എസ്.ആർ.ഒയുടെ ചരിത്രദൗത്യത്തെ പ്രകീർത്തിച്ച് വിദേശ മാധ്യമങ്ങൾ

ലണ്ടൻ: ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ച ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ)യുടെ ചരിത്രദൗത്യത്തിനു പിന്നാലെ ഇന്ത്യയെ വാനോളം പുകഴ്ത്തി രാജ്യാന്തര മാധ്യമങ്ങൾ. വളർന്നുകൊണ്ടിരിക്കുന്ന രാജ്യാന്തര ബഹിരാകാശ വിപണന മേഖലയിൽ ഇന്ത്യയ്ക്ക് മുഖ്യസ്ഥാനമാണുള്ളതെന്ന് രാജ്യാന്തര മാധ്യമങ്ങൾ വിശേഷിപ്പിച്ചു.

ബഹിരാകാശ രംഗത്തെ ആഗോള വിപണയിൽ ഇന്ത്യ സുപ്രധാന ഘടകമായി മാറുകയാണെന്ന് അമേരിക്കയിലെ പത്രമായ വാഷിംഗ്ടൺ പോസ്റ്റ് എഴുതി. ഒറ്റ റോക്കറ്റിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചാണ് ഇന്ത്യ ബഹിരാകാശ രംഗത്ത് ചരിത്രമെഴുതിയത്. ഇത്രയും ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുന്നത് തന്നെ കടുത്ത വെല്ലുവിളി ആയിരുന്നു. ഒരു മണിക്കൂറിനുള്ളിൽ 17,000 മൈൽ ദൂരം പിന്നിട്ട് ഭ്രമണപഥത്തിൽ യഥാവിധം എത്താതിരുന്നെങ്കിൽ ഉപഗ്രഹങ്ങൾ തമ്മിൽ കൂട്ടിയിടിക്കാനുള്ള സാദ്ധ്യതയും ഉണ്ടായിരുന്നുവെന്ന് പത്രം പറയുന്നു. ബഹിരാകാശ രംഗത്ത് അമേരിക്കയും റഷ്യയും തമ്മിലല്ല മത്സരം, ബഹിരാകാശത്തെ യഥാർത്ഥ മത്സരം ഏഷ്യയിലാണ് നടക്കുന്നതെന്നാണ് സി.എൻ.എൻ വിലയിരുത്തിയത്.

104 ഉപഗ്രഹങ്ങൾ ഒറ്റ വിക്ഷേപണത്തിൽ ഭ്രമണപഥത്തിൽ എത്തിച്ച ഇന്ത്യയ്ക്ക് ബഹിരാകാശ വിപണന മേഖലയിൽ മുഖ്യസ്ഥാനമാണുള്ളതെന്ന് ന്യൂയോർക്ക് ടൈംസ് കുറിച്ചു. മുൻപ് ഇന്ത്യ നടത്തിയ വിക്ഷേപണങ്ങളും ന്യൂയോർക്ക് ടൈംസ് ഒാർമപ്പെടുത്തി. വളരെ സങ്കീർണവും ഉത്തരവാദിത്തവുമുള്ള നീക്കമായിരുന്നു ഇന്ത്യ നടത്തിയതെന്നും പത്രം പറയുന്നു.

എലൈറ്റ് രാജ്യങ്ങളുടെ പട്ടികയിൽ അംഗമാവാനുള്ള ഇന്ത്യയുടെ ആഗ്രഹം സഫലീകരിക്കുന്നതാണ് ഇന്ത്യയുടെ ചരിത്ര നേട്ടമെന്ന് ലണ്ടനിലെ പത്രമായ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളെക്കാൾ കുറഞ്ഞ ചെലവിലാണ് ഇന്ത്യ പലപ്പോഴും പല നാഴികക്കല്ലുകളും പിന്നിട്ടുള്ളത്. ഐ.എസ്.ആർ.ഒയുടെ ചൊവ്വാ പര്യവേക്ഷണ പദ്ധതിക്ക് 73 മില്യൺ ഡോളർ മാത്രമായിരുന്നു ചെലവ്. എന്നാൽ, ഇതേ പദ്ധതിക്ക് നാസ ചെലവിട്ടത് 671 മില്യൺ ഡോളറാണെന്നും പത്രം ചൂണ്ടിക്കാട്ടി.

ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുന്നതാണ് ഈ നേട്ടമെന്ന് ഗാർഡിയൻ ദിനപത്രം എഴുതി. 1980ൽ സ്വന്തം റോക്കറ്റ് വിക്ഷേപിച്ച ഇന്ത്യ, ബഹിരാകാശ ഗവേഷണത്തിന് പ്രഥമ പരിഗണനയാണ് നൽകുന്നതെന്നും പത്രം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button