Latest NewsArticle

പ്രിയങ്ക വെല്ലുവിളിയാകുന്നത് ബിജെപിക്കോ രാഹുലിനോ…?

രാജ്യമെങ്ങൂമൂള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ദീര്‍ഘനാളത്തെ ആഗ്രഹമാണ് പിയങ്ക ഗാന്ധി വാദ്ര സാധ്യമാക്കുന്നത്. കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളുടെ ഏറ്റവും മികച്ച പ്രാചരക എന്ന നിലയില്‍ പ്രിയങ്ക സജീവരാഷ്ട്രീയത്തിലേക്ക് കടക്കുമ്പോള്‍ അത് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്ത് മാറ്റമായിരിക്കും ഉണ്ടാക്കുക എന്നതാണ് ഇപ്പോള്‍ രാജ്യത്തെ എല്ലാ രാഷ്ട്രീയ നിരീക്ഷകരുടെയും ആലോചന. എന്തായാലും വര്‍ഷങ്ങളുടെ പ്രവര്‍ത്തനത്തിന് ശേഷം കഷ്ടപ്പെട്ട് നേടിയ നിയമസഭാ തെരഞ്ഞെടുപ്പ് വിജയങ്ങളുടെ പേരില്‍ പേരുദോഷം മാറ്റിയെടുത്ത രാഹുല്‍ ഗാന്ധിയുടെ കൈകള്‍ക്ക് പ്രിയങ്ക എത്രത്തോളം ശക്തി പകരുമെന്നതിനെ ആശ്രയിച്ചായിരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ജയപരാജയങ്ങള്‍ വിലയിരുത്തപ്പെടുക.

priyanka-rahul

ഇന്ത്യ ആരു ഭരിക്കണമെന്ന്് യുപി നിശ്ചയിക്കുമെന്നതാണ് കാലങ്ങളായുള്ള മാറ്റമില്ലാത്ത ചൊല്ല്. അങ്കച്ചൂട് മുറുകുന്ന അതേ യുപിയില്‍ തന്നെ നെഹ്‌റു കുടുംബത്തിലെ ഏറ്റവും ശ്രദ്ധേയയായ വനിത ചുമതലയേറ്റെടുത്തുവരുമ്പോള്‍ 2019 ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും അധിക ശ്രദ്ധിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യുന്നതും വിശകലം ചെയ്യപ്പെടുന്നതും യുപി രാഷ്ട്രീയം തന്നെയായിരിക്കും. പക്ഷേ അതിനൊപ്പം രാഹുല്‍ ഗാന്ധി എന്ന പാര്‍ട്ടി അധ്യക്ഷനെ മറി കടന്ന് പ്രിയങ്ക കോണ്‍ഗ്രസില്‍ മേധാവിത്വം ഉറപ്പിക്കുമെന്നതും ചര്‍ച്ചയാകുന്നുണ്ട്.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായുള്ള പ്രിയങ്കയുടെ ചുമതലയേല്‍ക്കല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ നിര്‍ണായകമാകുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. സ്വന്തം സഹോദരനും പാര്‍ട്ടി അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി തന്നെ സഹോദരിക്ക് ഭാരിച്ച ഉത്തരവാദിത്തം നല്‍കുമ്പോള്‍ തന്നേക്കാള്‍ പ്രതിപക്ഷം ഭയക്കുന്നത് അവരെതന്നെയാകുമെന്ന് രാഹുലും കണക്കുകൂട്ടല്‍ നടത്തിയിട്ടുണ്ടാകും. ഏപ്രില്‍-മെയ് മാസത്തോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പരിപാടികള്‍ ചൂടുപിടിക്കാന്‍ തുടങ്ങും. രണ്ടായിരത്തി പതിനാലിലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക അമ്മ സോണിയ ഗാന്ധിക്കും സഹോദരന്‍ രാഹുലിനും വേണ്ടി മാത്രം അവരുടെ മണ്ഡലങ്ങളായ റായ്ബറേലിയിലും അമേത്തിയിലും സജീവപ്രചാരണത്തിനെത്തിയിരുന്നു. അന്ന് പ്രിയങ്കയുടെ നിറസാന്നിധ്യം ഉണ്ടായിട്ടും രാഹുല്‍ ഗാന്ധിക്ക് വലിയ തിളക്കമില്ലാത്ത വെറുമൊരു വിജയം മാത്രമാണ് ലഭിച്ചതെന്നത് കൂടി ഓര്‍ക്കുക.

priyanka

ഇക്കുറി തന്നില്‍ നിക്ഷിപ്തമായ രാഷ്ട്രീയ വെല്ലുവിളിയാണ് പ്രിയങ്കക്ക് ഏറ്റെടുക്കേണ്ടിവരുന്നത്. പരസ്പര വൈരികളായ ബിഎസ്പിയും എസ്പിയും കൈകോര്‍ത്ത് തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന രാഷ്ട്രീയക്കളിയും ബിജെപിയുടെ ചാണക്യതന്ത്രങ്ങളും കൊണ്ട് സങ്കീര്‍ണമാകുന്ന തെരഞ്ഞെടുപ്പ് ഗോദയിലേക്കാണ് പ്രിയങ്ക കടന്നു ചെല്ലുന്നത്. സജീവരാഷ്ട്രീയത്തിലില്ലെങ്കിലും സഹോദരനും അമ്മക്കും ഒപ്പം നിന്ന് രാഷ്ട്രീയം കാണുകയും തന്ത്രങ്ങള്‍ മെനയുകയും ചെയ്യുന്ന പ്രിയങ്കക്ക് പുതിയതായി ഒന്നും ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. ലോകം കണ്ട ഇന്ദിരാഗാന്ധിയുടെ പേരക്കുട്ടി എന്ന പരിഗണനയും അവരുമായുള്ള അസാധാരണമായ സാദ്യശ്യങ്ങളും ആയുധമാക്കിയാകും യുപിയിലെ പഴയ വോട്ടര്‍മാരെ പ്രിയങ്ക സ്വാധീനിക്കാന്‍ ശ്രമിക്കുക. 20017 ല്‍ യുപിയില്‍ സമാജ്വാദി പാര്‍ട്ടിയെ തറ പറ്റിക്കാനുള്ള പടയൊരുക്കത്തില്‍ അണിയറയില്‍ നടന്ന നീക്കങ്ങളില്‍ പ്രിയങ്കയും സജീവമായിരുന്നു. പ്രിയങ്ക സജീവ രാഷ്ട്രീയ പങ്കാളിത്തം ഏറ്റെടുക്കുമെന്നതിന്റെ ആദ്യസൂചനയായിരുന്നു ഇത്. അതിന് മുമ്പ് നെഹ്രു-ഗാന്ധി കുടുംബ പാരമ്പര്യത്തിന്റെ അവകാശവാദമുന്നയിച്ച് രാഹുല്‍ ഗാന്ധി ആദ്യമായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ ്‌രംഗത്തേക്ക് വന്ന 2004ലും തിരശീലക്ക് പിന്നില്‍ പ്രിയങ്ക ഉണ്ടായിരുന്നു. സഹോദരന് ശക്തിയും പിന്‍തുണയും നല്‍കുന്ന ശക്തമായ തൂണായിരുന്നു അന്നും ഇന്നും പ്രിയങ്ക ഗാന്ധി. ജനങ്ങളെ പെട്ടെന്ന് തന്നിലേക്ക് ബന്ധിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് പ്രിയങ്കയുടെ ഏറ്റവും വലിയ പ്രത്യേകത.

രാഹുലിന്റെ പരിമിതികള്‍ നന്നായി അറിയുന്ന കോണ്‍ഗ്രസ് നേതൃത്വത്തെ സംബന്ധിച്ചിടത്തോളം കരുത്തനായ മോദിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബിജെപിയേയും നേരിടാനുള്ള ബ്രഹ്മാസ്ത്രമാണ് പ്രിയങ്ക ഗാന്ധി. ആ ആയുധം കൂടി പ്രയോഗിച്ച് ശക്തി പരീക്ഷണം നടത്താന്‍ കോണ്‍ഗ്രസ് ഒരുങ്ങുമ്പോള്‍ ഒരു കാര്യം ഉറപ്പിക്കാം, ഇവിടെ തോറ്റാല്‍ പിന്നെ ജയിക്കാന്‍ കോണ്‍ഗ്രസിന് മറ്റൊരു ആയുധവും ബാക്കിയില്ലെന്ന്. രാഹുലിനേക്കാള്‍ നന്നായി പ്രതിയോഗികള്‍ക്ക് മറുപടി നല്‍കാന്‍ കഴിയുമെന്ന് കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പിലെ പ്രചാരണവേളയില്‍ പ്രിയങ്ക തെളിയിച്ചതാണ്. ഭൂമിഇടപാടുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് റോബര്‍ട്ട വാദ്രയക്ക് നേരിടേണ്ടി വന്ന ആരോപണങ്ങളും കേസുകളും കാരണമാണ് പ്രിയങ്ക ഇതുവരെ മാറി നിന്നതെന്നാണ് കരുതുന്നത്. ഈ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരിക്കുമോ എന്നത് കൂടി വ്യക്തമാകണം.

എന്തായാലും പ്രിയങ്കയുടെ സജീവ രാഷ്ട്രീയ പ്രവേശം ഭീഷണിയുയര്‍ത്തുന്നത് ബിജെപി നേതാക്കള്‍ക്കല്ല. പാര്‍ട്ടി അധ്യക്ഷനും സഹോദരനും സര്‍വോപരി കോണ്‍ഗ്രസിന്റെ ഭാവി പ്രധാനമന്ത്രിയുമായി കരുതുന്ന രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഭാവിയെ അത് ബാധിക്കാതിരുന്നാല്‍ നന്ന്. രാഹുലിനേക്കാള്‍ കാര്യപ്രാപ്തിയുണ്ടെന്ന് കരുതുന്ന പ്രിയങ്കയെ ചുറ്റിപ്പറ്റിയായിരിക്കും ഇനി കോണ്‍ഗ്രസ് നേതാക്കള്‍. അത് പാര്‍ട്ടിയില്‍ പ്രകടമായ രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാക്കുന്നതിലേക്കാവും എത്തുക. രാഹുലിന് പക്ഷേ ദീര്‍ഘവീക്ഷണമുണ്ടാകും. പൊതുവേ അലസനും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ വിവമുഖനെന്നും പേര് സമ്പാദിച്ച അദ്ദേഹത്തിന് സഹോദരിയെ പാര്‍ട്ടി ഭാരമേല്‍പ്പിച്ച് പൂര്‍വാധികം ഭംഗിയായി വിദേശസന്ദര്‍ശനം നടത്തി വിശ്രമിക്കാം. കസേരകളൊന്നും നഷ്ടപ്പെടില്ലെന്ന അമിതമായ വിശ്വാസമുള്ളതിനാലാകാം തന്നേക്കാള്‍ ജനകീയയായ സഹോദരിയ്ക്ക് ഉത്തരവാദിത്തങ്ങള്‍ നല്‍കി കൂടെനിര്‍ത്തുന്നതില്‍ രാഹുല്‍ വിമുഖത കാട്ടാത്തതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button