ദുബായ്: ദുബായിൽ ലേബര്‍ ക്യാംപില്‍ സുഹൃത്തിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച ഇന്ത്യക്കാരൻ വിചാരണ നേരിടുന്നു. കടം വാങ്ങിയ 100 ദിര്‍ഹം തിരിച്ചുനല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കുത്തേറ്റയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും യഥാസമയം ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി. വെല്‍ഡര്‍മാരായ ജോലി ചെയ്യുന്ന ഇരുവരും അല്‍ ഖുസൈസിലെ ലേബര്‍ ക്യാമ്ബിലായിരുന്നു കഴിഞ്ഞിരുന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ; പ്രതിയായ ഇന്ത്യക്കാരന്‍ പുറത്ത് പോയത് അറിയാതെ സുഹൃത്ത് വാതില്‍ അകത്തു നിന്ന് പൂട്ടി. ഇയാള്‍ കട്ടിലില്‍ കിടക്കുകയാണെന്ന് കരുതി താന്‍ വാതില്‍ പൂട്ടുകയായിരുന്നുവെന്നാണ് കുത്തേറ്റയാള്‍ പൊലീസിന് നല്‍കിയ മൊഴി. അല്‍പ്പസമയത്തിനകം തിരിച്ചെത്തിയ ഇന്ത്യക്കാരന്‍ വാതില്‍ പൂട്ടിയിരിക്കുന്നതില്‍ ദേഷ്യപ്പെട്ട് ഉറക്കെ തട്ടിവിളിച്ചു. വാതില്‍ തുറന്ന സുഹൃത്ത് ശബ്ദമുണ്ടാക്കിയതിന് ഇയാളെ ശകാരിച്ചു. ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്ന് ഇന്ത്യക്കാരന്‍ അടുക്കളയില്‍പ്പോയി കത്തിയെടുത്ത് സുഹൃത്തിനെ കുത്താന്‍ ശ്രമിച്ചു.
എന്നാല്‍ താമസസ്ഥലത്തെ മറ്റുള്ളവര്‍ ഇടപെട്ട് ഇയാളെ പിന്തിരിപ്പിച്ചു. പിന്നീട് രാത്രി രണ്ടു മണിയോടെ ഉറങ്ങിക്കിടന്ന സുഹൃത്തിനെ തട്ടിവിളിച്ച് കടംവാങ്ങിയ 100 രൂപ തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് വഴക്ക് ഉണ്ടാക്കി. ഇതിനിടെ വസ്ത്രത്തിനിടയില്‍ ഒളിപ്പിച്ച കത്തിയെടുത്ത് ഇന്ത്യക്കാരന്‍ സുഹൃത്തിനെ കുത്തുകയായിരുന്നു. രണ്ടുതവണ വയറിലും ഒരു തവണ കൈയിലും കുത്തി.മദ്യലഹരിയിലാണ് പ്രതി അക്രമം കാട്ടിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
Post Your Comments