റിയാദ് : സമൂഹമാദ്ധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ 20 മാസമായി ജയിലിലടക്കപ്പെട്ട് പ്രവാസി യുവാവ്. മംഗളൂരു സ്വദേശിയായ ഷൈലേഷ് കുമാറാണ് ജയിലില്‍ കഴിയുന്നത്. ഇസ്ലാം മതത്തെയും സൗദി രാജാവിനെയും സമൂഹ മാദ്ധ്യമങ്ങളില്‍ അപകീര്‍ത്തിപെടുത്തി പോസ്റ്റിട്ടെന്നാരോപിച്ചാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എന്നാല്‍ താനല്ല ഇത്തരമൊരു പോസ്റ്റിട്ടതെന്ന് ഷൈലേഷ് കുമാര്‍ പറയുന്നു.
Read Also :കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ സങ്കടവും നാണക്കേടും തോന്നുന്നു: ഏകാധിപത്യം മാത്രമാണ് പരിഹാരമെന്ന് കങ്കണ
2020 ഫെബ്രുവരിയിലാണ് ഷൈലേഷിന്റെ ജീവിതത്തെ മാറ്റി മറിച്ച സംഭവമുണ്ടായത്. രാജ്യ സ്‌നേഹം സംബന്ധിച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇദ്ദേഹം ഇട്ടിരുന്നു. ഇതിനു പിന്നാലെ ഷൈലേഷിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന് പറഞ്ഞ് കൊണ്ട് ഒരു ഫോണ്‍ കോള്‍ വന്നു. ഭയപ്പെട്ട ഷൈലേഷ് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. എന്നാല്‍ ഫെബ്രുവരി 12, 13 തിയ്യതികളിലായി ഇദ്ദേഹത്തിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് പ്രത്യക്ഷപ്പെടുകയും ഇസ്ലാം മതത്തെയും സൗദി രാജാവിനെയും അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ വരികയും ചെയ്തു. താന്‍ 20 വര്‍ഷമായി ജോലി ചെയ്യുന്ന കമ്പനിയിലെ അധികൃതരെ ഷൈലേഷ് ഇക്കാര്യം അറിയിച്ചു. കമ്പനിയുടെ നിര്‍ദ്ദേശ പ്രകാരം സൗദി പൊലീസിന് പരാതി നല്‍കാന്‍ ഷൈലേഷ് തീരുമാനിച്ചു. എന്നാല്‍ സ്റ്റേഷനിലെത്തിയ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയാണുണ്ടായതെന്ന് ബന്ധുക്കള്‍ പറയുന്നു. ഷൈലേഷ് കുമാറിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ ക്യാമ്പയിന്‍ തുടങ്ങിയിരിക്കുകയാണ് ഇവര്‍.
വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ബിജെപി പ്രതിനിധി ജിതേന്ദ്ര കോട്ടാരി പറഞ്ഞു. സൗദിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു.
Post Your Comments