ബെംഗളൂരു: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരേ കര്‍ശന നടപടികളുമായി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.). കഴിഞ്ഞ രണ്ടു മാസത്തിനിടെ മാത്രം പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ 4,466 പേരെ ഉദ്യോഗസ്ഥര്‍ പിടികൂടി. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഈമാസം വരെ പിഴയിനത്തില്‍ 7,85,450 രൂപയാണ് കോര്‍പ്പറേഷന് ലഭിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ കോര്‍പ്പറേഷന് ഇത്രയും തുക പിഴയായി ലഭിക്കുന്നത് ആദ്യമായിട്ടാണ്.
വാഹനങ്ങളില്‍വന്ന് മാലിന്യം പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നത് ചില സ്ഥലങ്ങളില്‍ പതിവ് സംഭവമാണ്. പലരും രാത്രിയുടെ മറപറ്റിയാണ് മാലിന്യം വലിച്ചെറിയുന്നത്. പിടിയിലായവരില്‍ അധികവും ഇരുചക്ര വാഹനത്തിലെത്തിയവരായിരുന്നു. ഇരുചക്രവാഹനങ്ങളില്‍വന്ന് മാലിന്യം വലിച്ചെറിഞ്ഞതിന് 3127 പേരാണ് പിടിയിലായത്. കെ.ആര്‍. മാര്‍ക്കറ്റ്, കുമാരസ്വാമി ലേഔട്ട്, ഹെഗ്ഡെ നഗര്‍ എന്നീ സ്ഥലങ്ങളില്‍നിന്നാണ് കൂടുതല്‍ പേര്‍ പിടിയിലായത്. വരും ദിവസങ്ങളിലും പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികളെടുക്കുമെന്ന് ബി.ബി.എം.പി. ജോ.കമ്മിഷണര്‍ സര്‍ഫറാസ് ഖാന്‍ പറഞ്ഞു. സി.സി. ടി.വി. ക്യാമറകള്‍ സ്ഥാപിച്ചും മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടുന്നുണ്ട്.
യെലഹങ്ക സോണില്‍നിന്നാണ് പിഴയിനത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്. 1,61,400 രൂപയാണ് യെലഹങ്ക സോണില്‍നിന്നുമാത്രം ലഭിച്ചത്. ഈസ്റ്റ് സോണില്‍നിന്ന് 43,140 രൂപയും വെസ്റ്റ് സോണില്‍ നിന്ന് 1,38,690 രൂപയും സൗത്ത് സോണില്‍നിന്ന് 1,59,920 രൂപയും മഹാദേവപുര സോണില്‍നിന്ന് 81,720 രൂപയും ദാസറഹള്ളി സോണില്‍നിന്ന് 52,730 രൂപയും ആര്‍.ആര്‍.നഗര്‍ സോണില്‍നിന്ന് 60,160 രൂപയും ബൊമ്മനഹള്ളി സോണില്‍നിന്ന് 87,690 രൂപയുമാണ് പിടികൂടിയത്.
Post Your Comments