ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹന നിര്‍മ്മാതാക്കളാണ് വോള്‍വോ. ഇന്ന് വാഹനങ്ങളില്‍ കാണുന്ന പല സുരക്ഷാ സംവിധാനങ്ങളും ആദ്യമായി അവതരിപ്പിച്ചതും വോള്‍വോയാണ്. എന്നാല്‍ ഇപ്പോള്‍ വോള്‍വോ വാര്‍ത്തകളില്‍ നിറയാന്‍ കാരണം അഭിനയ മികവിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ച സൗബിന്‍ സാഹിറാണ്. സൗബിന്റെ ഇനിയുള്ള യാത്രകള്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹന ബ്രാന്‍ഡായ വോള്‍വോയിലായിരിക്കുമെന്നതാണ് സിനിമാ ലോകത്തെയും വാഹന ലോകത്തെയും കൗതുക വാര്‍ത്ത.വോള്‍വോയുടെ എക്സ്സി 90 ആണ് സൗബിന്‍ സ്വന്തമാക്കിയത്.
സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോയുടെ വാഹനങ്ങള്‍ യാത്രക്കാര്‍ക്കു പുറമെ റോഡിലെ മറ്റു യാത്രികര്‍ക്കു വരെ സംരക്ഷണം നല്‍കുന്ന പെഡല്‍സ്ട്രിയല്‍ എയര്‍ബാഗുകളോടു കൂടിയതാണ്. വോള്‍വോ കാറുകള്‍ ആഡംബരവും സുരക്ഷയും ഡ്രൈവും ഒരുപോലെ ഒത്തിണങ്ങുന്ന വാഹനങ്ങളാണെന്ന് ചുരുക്കം. ഏകദേശം 77 ലക്ഷം മുതല്‍ 1.30 കോടി രൂപവരെയാണ് വോള്‍വോയുടെ വിവിധ മോഡലുകളുടെ വില. എക്‌സ്സി 90ന് ഇന്ത്യയില്‍ ഡീസല്‍ എന്‍ജിനും പ്ലഗ് ഇന്‍ ഹൈബ്രിഡ് പതിപ്പുമുണ്ട്. 2 ലീറ്റര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 225 ബിഎച്ച്പി കരുത്തും 470 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാനാകും. എക്സ്സി90 പ്ലഗ് ഇന്‍ ഹൈബ്രിഡ് എസ്യുവിയുടെ 2.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 320 എച്ച് പി യും ഇലക്ട്രിക് മോട്ടോറിന് 87 എച്ച് പിയുമാണു കരുത്ത്. പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 5.6 സെക്കന്‍ഡ് മാത്രം മതി.
സെഡാനുകളായ എസ്. 60, എസ് 80, ക്രോസ് കണ്‍ട്രി മോഡലായ വി 40, ക്രോസ്‌കണ്‍ട്രി ഹാച്ച്ബായ്ക്കായ വി. 40, എസ്.യുവികളായ എക്സ്. സി. 60, എക്സ് സി 90 എന്നിവയാണ് വോള്‍വോയുടെ ഇന്ത്യയിലെ പ്രധാന മോഡലുകള്‍. 7 സീറ്റര്‍ എസ്.യു.വി.യാണ് എക്സ് സി. 90. 2002ലാണ് വോള്‍വോ ആദ്യമായി എക്‌സ് സി 90 വിപണിയിലെത്തിക്കുന്നത്.
വോള്‍വോയുടെ 89 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും ആഡംബരപൂര്‍ണമായ വാഹനമാണ് എക്‌സ്സി 90.
Post Your Comments