ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശവിധിക്കെതിരായ പുനഃപരിശോധനാഹര്‍ജികള്‍ പരിഗണിക്കുന്നത് ഇനിയും വൈകുമെന്ന് ഉറപ്പായി. പുനഃപരിശോധനാഹര്‍ജി കേള്‍ക്കുന്ന അഞ്ചംഗബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഈമാസം 30 വരെ മെഡിക്കല്‍ അവധിയിലാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു. അവര്‍ തിരിച്ചെത്തിയശേഷമേ ശബരിമല കേസുകള്‍ പരിഗണിക്കുന്ന തീയതി നിശ്ചയിക്കാനാകൂ.
ഹര്‍ജികള്‍ വേഗം കേള്‍ക്കണമെന്ന് നാഷണല്‍ അയ്യപ്പ ഡിവോട്ടീസ് അസോസിയേഷന്റെ അഭിഭാഷകന്‍ മാത്യൂസ് ജെ. നെടുമ്പാറ ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്. യുവതീപ്രവേശവിധിയുമായി ബന്ധപ്പെട്ട നാല് റിട്ട് ഹര്‍ജികളും സംസ്ഥാനസര്‍ക്കാരിന്റെ രണ്ട് അപേക്ഷകളും ഫെബ്രുവരി എട്ടിന് പരിഗണിക്കുമെന്നാണ് സുപ്രീംകോടതി വെബ്സൈറ്റില്‍ കാണുന്നത്. പുനഃപരിശോധനാഹര്‍ജികള്‍ തീര്‍പ്പാക്കിയശേഷമേ റിട്ട് ഹര്‍ജികള്‍ കേള്‍ക്കൂവെന്ന് സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. അതിനാല്‍ ഫെബ്രുവരി എട്ടിനുമുമ്പായി പുനഃപരിശോധനാഹര്‍ജികളില്‍ തീര്‍പ്പായില്ലെങ്കില്‍ റിട്ട് ഹര്‍ജികള്‍ കേള്‍ക്കുന്നതും വൈകും. പുനഃപരിശോധനാഹര്‍ജികള്‍ ജനുവരി 22-ന് തുറന്ന കോടതിയില്‍ പരിഗണിക്കുമെന്ന് സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.
Post Your Comments