ഗുജറാത്ത്: പബ്ജിയെന്ന ഓണ്‍ലൈന്‍ ഗെയിം നിരോധിച്ചുവെന്ന് ഉറപ്പാക്കണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍. ജില്ലാ അധികൃതര്‍ക്ക് സര്‍ക്കാര്‍ സര്‍ക്കുലര്‍ നല്കി. പ്ലെയര്‍ അണ്‍നോണ്‍ഡ് ബാറ്റില്‍ ഗ്രൗണ്ട് എന്ന ഗെയിമിന്റെ ചുരുക്കപ്പേരാണ് പബ്ജി. ഡല്‍ഹിയില്‍ 19 വയസ്സുള്ള സൂരജ് എന്ന വിദ്യാര്‍ത്ഥി അച്ഛനെയും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയതിന് പിന്നിലെ വില്ലനും പബ്ജി ഗെയിമായിരുന്നു. സ്കൂളില്‍ പോകാതെ രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ആറ് മണിവരെ സ്ഥിരമായി കൂട്ടുകാരുമൊത്ത് സൂരജ് പബ്ജി കളിക്കുമായിരുന്നു എന്നും പൊലീസ് വെളിപ്പെടുത്തിയിരുന്നു.
യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ ഈ ഗെയിമിന് വന്‍ പ്രചാരമാണുള്ളത്. സംസ്ഥാനത്തെ ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് ഈ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രൈമറി സ്കൂളുകളില്‍ ഈ ഗെയിം പൂര്‍ണ്ണമായി നിരോധിക്കാനാണ് സര്‍ക്കുലറിന്റെ ഉള്ളടക്കം. പഠനത്തെ വളരെ പ്രതികൂലമായി ബാധിക്കുന്നു എന്നും കുട്ടികളെ ഈ ഗെയിം അടിമയാക്കി വച്ചിരിക്കുകയാണെന്നും നിരോധനത്തിന് കാരണമായി സര്‍ക്കാര്‍ പറയുന്നു. ഗുജറാത്ത് ബാലാവകാശ സംഘടനയുടെ ചെയര്‍പേഴ്സണായ ജാഗ്രിതി പാണ്ഡ്യ രാജ്യവ്യാപകമായി ഈ ഓണ്‍ലൈന്‍ ഗെയിം നിരോധിക്കണമെന്ന് അഭിപ്രായപ്പെടുന്നു. എല്ലാം സംസ്ഥാനങ്ങളിലേക്കും ഈ ആവശ്യം ഉന്നയിച്ച് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments