ലഖ്നൗ : രാജ്യത്ത് അഴിമതി ഇല്ലാതാക്കിയ സര്‍ക്കാരാണ് എന്‍.ഡി.എ.യുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതി സംസ്കാരത്തിനൊപ്പം ഇടനിലക്കാരേയും തുടച്ചുമാറ്റാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. മുന്‍പ് ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അഴിമതിയ്ക്കെതിരേ യാതൊന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വന്തം മണ്ഡലമായ വാരാണസിയില്‍ പ്രവാസി ഭാരതീയദിവസിന്റെ രണ്ടാംദിവസം പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മോദി.
വിവിധ പദ്ധതികള്‍ക്ക് കീഴിലായി 5,78,000 കോടി രൂപ ജനങ്ങളുടെ അക്കൗണ്ടിലേക്ക് എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. പഴയ സംവിധാനമായിരുന്നു ഇപ്പോഴെങ്കില്‍ ഇതില്‍ 4,50,000 കോടി രൂപയും ഇടനിലക്കാര്‍ കൊള്ളയടിക്കുമായിരുന്നു.
പ്രവാസികള്‍ രാജ്യത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണെന്ന് മോദി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ശേഷിയുടെ പ്രതീകങ്ങളാണ് അവര്‍. ചിപ് ഘടിപ്പിച്ച ഇ പാസ്പോര്ട്ടുകള് തയ്യാറാക്കി പാസ്പോര്‍ട്ട് വിതരണത്തിനുള്ള സാങ്കേതിക ബുദ്ധിമുട്ടുകളും കാലതാമസവും ലഘൂകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി കേന്ദ്രീകൃത സംവിധാനം ആവശ്യമാണ്. കോണ്‍സുലേറ്റുകളും എംബസികളും വഴി ഈ സംവിധാനം കൊണ്ടുവന്നാല്‍ പാസ്പോര്‍ട്ട് തയ്യാറാക്കല്‍ സുഗമമാകും- മോദി പറഞ്ഞു.
പ്രവാസി ഭാരതീയ ദിവസ് ബുധനാഴ്ച സമാപിക്കും. സമാപനസമ്മേളനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സമ്മേളന പ്രതിനിധികള്‍ക്ക് പ്രയാഗ് രാജ് കുംഭമേള സന്ദര്‍ശിക്കാനുള്ള സൗകര്യങ്ങളും യു.പി. സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.
Post Your Comments