സംസ്ഥാനത്തെ ഡിഗ്രി വിദ്യാർത്ഥികൾക്ക് കരിയർ ഡെവലപ്‌മെന്റ് സെന്റർ വഴി വിദഗ്ധ പരിശീലനം നൽകി ഏറ്റവും മികച്ച സർവകലാശാലകളിൽ ഉന്നത പഠനത്തിനവസരമൊരുക്കുന്ന ധനുഷ് പദ്ധതി സർക്കാർ നടപ്പാക്കുമെന്ന് തൊഴിൽ മന്ത്രി ടി. പി. രാമകൃഷ്ണൻ പറഞ്ഞു. ഒരു ജില്ലയിൽ 200 ഒന്നാംവർഷ വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് മൂന്ന് വർഷം പരിശീലനം നൽകും. നിലവിൽ കേരളത്തിലെ ചുരുക്കം കുട്ടികൾക്കേ ഉന്നത നിലവാരമുള്ള സർവകലാശാലകളിൽ പഠനത്തിന് അവസരം ലഭിക്കുന്നുള്ളു. ഈ സാഹചര്യം മറികടക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. പ്രാരംഭഘട്ടം കോഴിക്കോട് ജില്ലയിൽ തുടങ്ങും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കരിയർ സെന്ററുകളുടെ സേവനം വ്യാപിപ്പിക്കും. ഗ്രാമപഞ്ചായത്തുകളിലെ കുട്ടികളുടെ അഭിരുചി സൈക്കോമെട്രിക് പരിശോധനയിലൂടെ കണ്ടെത്തുകയും ഇതിനനുസരിച്ച് പരിശീലനം നൽകും. ഈ പദ്ധതിയുടെ പ്രാരംഭഘട്ടം തിരുവനന്തപുരം കരിയർ സെന്ററിന്റെ നേതൃത്വത്തിൽ മണമ്പൂർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം മോഡൽ കരിയർ സെന്ററിന്റേയും നവീകരിച്ച യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടേയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സർവകലാശാല വിദ്യാഭ്യാസം നേടിയവരുടെ തൊഴിലില്ലായ്മ നിരക്ക് ഉയർന്നു നിൽക്കുന്നത് ഗൗരവമായി കാണണം. നൈപുണ്യക്കുറവും നൂതനമേഖലയിലെ പരിചയക്കുറവുമാണ് തൊഴിൽ രംഗത്ത് സമൂഹം നേരിടുന്ന വെല്ലുവിളി. ഇത് മറികടക്കാൻ നമ്മുടെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഴിയും. ഭാഷാ സാങ്കേതിക വൈജ്ഞാനികരംഗത്ത് അനുദിനമുണ്ടാകുന്ന മാറ്റങ്ങൾക്കനുസൃതമായ തൊഴിൽശക്തി വളർത്തിയെടുക്കുന്നതിന് സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ആഗോള തൊഴിൽ കമ്പോളത്തിൽ കേരളത്തിലെ യുവാക്കൾക്കുള്ള പ്രമുഖ സ്ഥാനം നിലനിർത്താൻ ആവശ്യമായ എല്ലാ സാഹചര്യവും സർക്കാർ ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ വിഹിതമായ 23 ലക്ഷം രൂപയും സംസ്ഥാനസർക്കാർ വിഹിതമായ 50 ലക്ഷം രൂപയുമാണ്് കരിയർ സെന്ററിന്റെ നിർമ്മാണത്തിനായി വിനിയോഗിച്ചിരിക്കുന്നത്. ഇന്റർനെറ്റ് സൗകര്യത്തോടെ കമ്പ്യൂട്ടർ ലാബ്, ആധുനിക രീതിയിൽ സജ്ജീകരിച്ച ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം, എ. സി. കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. വിദ്യാർത്ഥികൾക്ക് ഉന്നത കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ സഹായിക്കുക, മത്സര പരീക്ഷാ പരിശീലനം തുടങ്ങിയവ സൗജന്യമായി ലഭ്യമാക്കും.
കഴിഞ്ഞ ഡിസംബറിൽ സംഘടിപ്പിച്ച അതിജീവനം തൊഴിൽമേളയിലൂടെ നിയമനം ലഭിച്ച ഭിന്നശേഷിക്കാരായ 200 പേരിൽ നിന്നും തെരഞ്ഞെടുത്ത ഏഴ് പേർക്കുള്ള നിയമന ഉത്തരവും ചടങ്ങിൽ കൈമാറി. എംപ്ലോയ്‌മെന്റ് ഡയറക്ടർ എസ്. ചന്ദ്രശേഖർ, തൊഴിൽവകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ്, കേരള സർവകലാശാല പ്രോ വൈസ്ചാൻസലർ ഡോ. പി. പി. അജയകുമാർ, ഡോ. ബി ഹരിഹരൻ, വാർഡ് കൗൺസിലർ ഐഷാ ബേക്കർ , സിൻഡിക്കേറ്റംഗം എം. ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Post Your Comments