കോട്ടയം: കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രനെ സംഘപരിവാറുകാരനാക്കാനുളള സിപിഎം നീക്കക്കെ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി. സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തെ തോല്‍പിച്ചാണ് എന്‍.കെ.പ്രേമചന്ദ്രന്‍ പാര്‍ലമെന്‍റിലെത്തിയത്. സംഘപരിവാറിനെതിരെ പാര്‍ലമെന്‍റിലും പുറത്തും പ്രേമചന്ദ്രന്‍ നടത്തിയ പോരാട്ടം രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടതാണെന്നും വര്‍ഗ്ഗീയശക്തികള്‍ക്കെതിരെ തീപ്പാറും പോരാട്ടം നടത്തുന്ന പ്രേമചന്ദ്രനെ പോലൊരു വ്യക്തിയെ സംഘിയാക്കാനുള്ള സിപിഎം ശ്രമം കൊല്ലത്ത് വിലപ്പോകില്ലെന്നും അതിനുള്ള വെള്ളം അങ്ങ് വാങ്ങിവച്ചാല്‍ മതിയെന്നും ഉമ്മന്‍ചാണ്ടി പ്രസ്താവനയില്‍ പറഞ്ഞു.
കൊല്ലം ബൈപ്പാസിനായി മൂന്ന് ദശാബ്ദത്തിലധികം നീണ്ട കാത്തിരിപ്പാണ് പ്രേമചന്ദ്രന്‍റെ ഇടപെടലിലൂടെ അവസാനിച്ചത്. ഇക്കാര്യം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതോടെയാണ് സിപിഎമ്മിന് വെറളി പിടിച്ചിരിക്കുന്നത്. മെട്രോയുടെ ഉദ്ഘാടനത്തിനു മോദിയുടേതല്ലാതെ മറ്റൊരു പേരും ചിന്തിക്കാന്‍ പോലും കഴിയില്ലെന്നാണ് മുഖ്യമന്ത്രി അന്ന് അവിടെ പ്രസംഗിച്ചത്. മുത്തലാഖ് ബില്ലില്‍ അദ്ദേഹം പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടതും പൊതുസമൂഹത്തിലും മുസ്ലീം സമുദായത്തിലുമൊക്കെ പരക്കെ സ്വീകാരിക്കപ്പെട്ടതുമാണ്. അതുകൊണ്ടാണ് പ്രേമചന്ദ്രനെ സംഘിയാക്കാന്‍ സിപിഎം വ്യാജപ്രചാരണം നടത്തുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രേമചന്ദ്രനെതിരേ മോശം പദാവലി ഉപയോഗിച്ചപ്പോള്‍ അതിന് കൊല്ലം ജനത മറുപടി നല്‍കിയത് സിപിഎം ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി മുന്നറിയിപ്പ് നല്‍കി.
Post Your Comments