Latest NewsInternational

‘ആവശ്യമുള്ളത് എഴുതി എടുക്കൂ’, ഗുരുതരാവസ്ഥയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ താരത്തിന് ബ്ലാങ്ക് ചെക്ക് നല്‍കി ക്രുനാല്‍ പാണ്ഡ്യ

വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്ന മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന് കൈത്താങ്ങായി ഓടിയെത്തി ഇന്ത്യന്‍ താരം ക്രുനാല്‍ പാണ്ഡ്യ. ആവശ്യമുള്ള പണം എഴുതിയെടുക്കാന്‍ ബ്ലാങ്ക് ചെക്കാണ് താരം മാര്‍ട്ടിന്റെ കുടുംബത്തിന് നല്‍കിയത്. ആവശ്യമുള്ളത് എഴുതി എടുക്കണമെന്നും ഒരു ലക്ഷത്തില്‍ കുറയരുതെന്നും ക്രുനാല്‍ കുടുംബത്തെ ഓര്‍മ്മിപ്പിച്ചു. ക്രുനാലിനെ അഭിനന്ദിച്ച് നിരവധിപേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. ബിസിസിഐയുടെ മുന്‍ സെക്രട്ടറി സഞ്ജയ് പട്ടേലിന്റെ പക്കലാണ് ക്രുനാല്‍ ചെക്ക് നല്‍കിയത്. ജേക്കബ് മാര്‍ട്ടിന്റെ അവസ്ഥ പട്ടേല്‍ മുഖേന അറിഞ്ഞതോടെയാണ് ക്രുനാല്‍ സഹായിക്കാന്‍ സന്നദ്ധനായത്. ഹാര്‍ദിക് പാണ്ഡ്യയുടെ മൂത്ത സഹോദരനാണ് ക്രുനാല്‍. ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായ ഹാര്‍ദിക് വിവാദത്തെ തുടര്‍ന്ന് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.

അതേസമയം അപകടത്തെ തുടര്‍ന്ന് ശ്വാസകോശത്തിനും കരളിനും സാരമായി പരിക്കേറ്റ് കഴിയുന്ന ജേക്കബ് മാര്‍ട്ടിന്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്. ചികിത്സാ ചെലവ് താങ്ങാന്‍ കഴിയാതെ ഭാര്യ ബിസിസിഐ ഉള്‍പ്പെടെയുള്ള സംഘടനകളോട് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഇതിന് പിന്നാലെ, നിരവധി പേരാണ് സഹായവുമായി എത്തിയത്. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി സഞ്ജയ് പട്ടേലാണ് ആദ്യം സഹായം വാഗ്ദാനം ചെയ്തത്. സൗരവ് ഗാംഗുലി, രവിശാസ്ത്രി, സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍, മുനാഫ് പട്ടേല്‍ തുടങ്ങിയവരും സഹായം ഉറപ്പു നല്‍കിയിട്ടുണ്ട്. ബിസിസിഐ അഞ്ച് ലക്ഷം രൂപയും ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്ന് ലക്ഷം രൂപയും മാര്‍ട്ടിന് സഹായം നല്‍കി. താനും മാര്‍ട്ടിനും ഒരുമിച്ച് കളിച്ചവരാണെന്നും അദ്ദേഹത്തിന്റെ കുടുംബം ഒറ്റയ്ക്കല്ലെന്നും ഗാംഗുലി പറഞ്ഞു. 1999 സെപ്റ്റംബറിനും 2001 ഒക്ടോബറിനും ഇടയ്ക്ക് ഇന്ത്യയ്ക്കായി 10 ഏകദിനങ്ങള്‍ കളിച്ച താരമാണ് ജേക്കബ്. കഴിഞ്ഞ ഡിസംബര്‍ 28നാണ് അദ്ദേഹത്തിന് അപകടത്തില്‍ പരിക്കേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button