അലഹബാദ്: പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയില്‍ നിരവധി കുട്ടികളെ കാണാതാകുന്നുണ്ട്. ഭാരതീയ മനഃശാസ്ത്രത്തില്‍, ഈ രീതിയെ പിന്‍പറ്റിക്കൊണ്ട്, ‘കുംഭമേളാ സിന്‍ഡ്രം’ എന്നൊരു പ്രയോഗം തന്നെയുണ്ട്. എന്നാല്‍ ഇത്തവണ ആ ഒരു ട്രെന്‍ഡിന് തടയിടാനായി സന്നദ്ധ സംഘടനാ വളണ്ടിയര്‍മാരുടെ സേവനങ്ങള്‍ക്കൊപ്പം ടെക്നോളജിയെ കൂടി ആശ്രയിക്കുകയാണ് മേളയുടെ സംഘാടകര്‍. 50 ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ ഏകദേശം 12 കോടി പേര്‍ വന്നുപോവുമെന്നാണ് കണക്ക്.
കുംബമേളയില്‍ വരുന്നവര്‍ക്ക് വേണ്ടി ഇത്തവണ ചൈല്‍ഡ് റൈറ്റ്‌സ് ആന്‍ഡ് യു (CRY), മെഹ്ഫൂസ്, കൈലാഷ് സത്യാര്‍ത്ഥി ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്‍ എന്നീ മൂന്ന് എന്‍ജിഒകളാണ് പ്രധാനമായും അവരുടെ വളണ്ടിയര്‍മാരുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. അവര്‍ കുഞ്ഞുങ്ങളുമായി വന്നിറങ്ങുന്ന തീര്‍ത്ഥാടകരുടെ ബോധവല്‍ക്കരണത്തിനായുള്ള ലഘുലേഖകള്‍ വിതരണം ചെയ്തും പലയിടങ്ങളിലായി റിപ്പോര്‍ട്ടിങ്ങ് കൗണ്ടറുകള്‍ തുറന്നും എല്ലാം പ്രവര്‍ത്തിക്കുന്നുണ്ട്. KSCF മുക്തി കാരവാന്‍ എന്ന പേരിലുള്ള ഒരു സഞ്ചരിക്കുന്ന പ്രചാരണ സംവിധാനം കുംഭമേളയില്‍ പല പ്രദേശങ്ങളിലായി ഇക്കുറി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
ഇതിനൊക്കെപ്പുറമെയാണ്, പ്രയാഗ് രാജ് പ്രാദേശിക ഭരണകൂടം പതിനാല് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി നാല്പതിനായിരത്തോളം റിയല്‍ ടൈം റേഡിയോ ഫ്രീക്വന്‍സി റ്റാഗുകള്‍ (RFID) നല്‍കുന്നത്. കുട്ടികളുടെ കയ്യില്‍ എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ കഴിയാത്തവണ്ണം ബന്ധിക്കുന്ന ഈ റ്റാഗുകള്‍ പൊലീസിന് നഗരത്തില്‍ എവിടെയാണെങ്കിലും കൃത്യമായ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാനും തത്സമയം LED വാളുകളില്‍ പ്രദര്‍ശിപ്പിക്കാനും കഴിയും. പ്രമുഖ സെല്‍ ഫോണ്‍ ഓപ്പറേറ്ററായി വോഡാഫോണുമായി സഹകരിച്ചുകൊണ്ടാണ് പോലീസ് കുട്ടികളുടെ സുരക്ഷയ്ക്കായി ഈ സംവിധാനമൊരുക്കുന്നത്. ഈ ടാഗുകളുടെ നിരീക്ഷണത്തിനായ പതിനഞ്ചോളം ഹൈ ടെക്ക് ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയുടെ സഹായവും ഈ ബൃഹദ് യജ്ഞത്തില്‍ ഇത്തവണ പോലീസിനുണ്ട്. ഇത്തണവയെങ്കിലും കാണാതാവുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സാധിക്കുമെന്നാണ് പോലീസിന്റെ വിശ്വാസം.
Post Your Comments