കണ്ണൂര്‍: കേന്ദ്രത്തില്‍ അധികാരത്തുടര്‍ച്ചയുണ്ടായാല്‍ ഫാസിസത്തെ പൊരുതി തോല്‍പ്പിക്കുക എളുപ്പമല്ലെന്ന് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ അവസാന സുവര്‍ണ മണിക്കൂറുകളാണ് നാംപിന്നിടുന്നതെന്ന് ആലോചിക്കണം. പുരോഗമന കലാസാഹിത്യസംഘം സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാരത്തുടര്‍ച്ചയുണ്ടാകുന്നത് നാശത്തിന്റെ പടുകുഴിയിലേക്കുള്ള വീഴ്ചയാകും. ഫാസിസത്തെ അത്രയെളുപ്പം പരാജയപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നാണ് ചരിത്രത്തില്‍നിന്നുള്ള പാഠം. ഹിറ്റ്ലറുടെ ജര്‍മനിയും മുസോളിനിയുടെ ഇറ്റലിയും കാണിച്ചുതന്നത് ഇതാണ്. ഫാസിസത്തിന്റെ ഭീകരത നാം തിരിച്ചറിയണം. സവര്‍ണജന്മിത്വം പല പഴുതുകളിലൂടെ മടങ്ങിവരാന്‍ ശ്രമിക്കുന്നതിന്റെ പരീക്ഷണവേദി നിര്‍ഭാഗ്യവശാല്‍ ശബരിമലയായി. മനുവാദികളുടെ ഏറ്റവും വലിയ ശത്രു ഇന്ത്യന്‍ ഭരണഘടനയാണ്. ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥയുമായി പോരടിച്ചുനില്‍ക്കുന്ന അതിന്റെ അന്തസത്തയാണ് മനുവാദികളെ പ്രകോപിപ്പിക്കുന്നത്.
കേവലം വിശ്വാസത്തിന്റെ പഴുതിലൂടെപോലും അസമത്വത്തെ കയറ്റിവിടാന്‍ പാടില്ല എന്നതാണ് സുപ്രീംകോടതി വിധിയുടെ സന്ദേശം.
എന്നാല്‍ ഹൈക്കൊടതി ബ്രാഹ്മണപക്ഷപാതിയായ ജസ്റ്റിസ് പരിപൂര്‍ണന്റെ നേതൃത്വത്തില്‍ പുറപ്പെടുവിച്ച വിധിയിലാണ് സ്ത്രീകളെ വയസ് മാനദണ്ഡമാക്കി തടയുന്ന സ്ഥിതിയുണ്ടായതെന്നും ഓര്‍ക്കണം. അതുവരെ സ്ത്രീകള്‍ പ്രായഭേദമില്ലാതെ ശബരിമലയില്‍ പോയതിന് തെളിവുണ്ട്. ജസ്റ്റിസ് പരിപൂര്‍ണന്റെ വിധിയോടെ കാര്യങ്ങള്‍ മാറി. നൈഷ്ഠിക ബ്രഹ്മചാരി പരാമര്‍ശമൊക്കെ ഇവിടം മുതലാണ് വരുന്നത്. സുപ്രീംകോടതി വര്‍ഷങ്ങളെടുത്ത് പരിശോധിച്ച് ശബരിമലയിലെ ഭരണഘടനാവിരുദ്ധമായ വിധിന്യായത്തെ തിരുത്തുകയാണ് ഇപ്പോള്‍ ചെയ്തത്. ഇത് മറയാക്കിയാണ് സവര്‍ണശക്തികള്‍ ഭരണഘടനക്കെതിരെ കലാപത്തിന് ശ്രമിക്കുന്നത്. നിയലുറപ്പിക്കാന്‍ വര്‍ഗീയ ശക്തികള്‍ പുതിയ പഴുതുകള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് പി എസ് ശ്രീധരന്‍പിള്ള ശബരിമല വിധിയെ സുവര്‍ണാവസരം എന്നുവിളിച്ചതെന്നും എന്‍ എസ് മാധവന്‍ പറഞ്ഞു.
Post Your Comments