ബംഗളൂരു•യലചെനഹള്ളി വാര്‍ഡ് കോര്‍പ്പറേറ്റര്‍ ബി.ബാലകൃഷ്ണയുടെ മരുമകളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ശങ്കര്‍നഗറിലെ മാതാപിതാക്കളുടെ വീട്ടിലാണ് മോനിക പി (30) യെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് മോനികയെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറയുന്നു. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ല.
ബിസിനസുകാരനായ പ്രകാശിന്റെ മകളായ മോനിക 2009 ലാണ് ബി.ജെ.പി കോര്‍പ്പറേറ്ററായ ബാലകൃഷ്ണയുടെ മകന്‍ കാര്‍ത്തിക്കിനെ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് രണ്ട് പെണ്‍കുട്ടികളുണ്ട്.
വിവാഹ ജീവിതത്തിലെ പ്രശ്നങ്ങള്‍ മൂലം അടുത്തിടെ മോനിക സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇരുവരെയും ഒന്നിപ്പിക്കാനുള്ള ബന്ധുക്കളുടെ ശ്രമങ്ങളെല്ലാം വിഫലമായി.
വെള്ളിയാഴ്ച വൈകുന്നേരം ഒരു സുഹൃത്തിനെ വിളിച്ച മോനിക ആത്മഹത്യയുടെ സൂചനകള്‍ നല്‍കിയിരുന്നതായി പ്രഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മോനിക കോള്‍ കട്ട് ചെയ്തയുടന്‍ സുഹൃത്ത് വീട്ടില്‍ പാഞ്ഞെത്തി. അവിടെ മാതാപിതാക്കള്‍ ഉണ്ടായിരുന്നില്ല. പിന്നീട് മാതാപിതാക്കളെ വിളിച്ച് അവരുടെ അനുമതിയോടെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുടര്‍ന്ന് മോനികയെ അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
പ്രകാശിന്റെ പരാതിയില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Post Your Comments