ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് ജയിലില്‍ അടക്കപ്പെട്ട മണിപ്പൂര്‍ മാധ്യമപ്രവര്‍ത്തകന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കത്തയച്ചു. നരേന്ദ്ര മോദിയേയും മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങിനെയും വിമര്‍ശിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ കിഷോര്‍ ചന്ദ്ര വാങ്‌ഗേമിനാണ് രാഹുല്‍ കത്തയച്ചത്.
വിയോജിപ്പുകളെ നിശബ്ദമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് കിഷോര്‍ ചന്ദ്രയുടെ അറസ്റ്റെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ബി.ജെ.പി സര്‍ക്കാര്‍ മണിപ്പൂരിലെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ചവിട്ടിമെതിക്കുകയാണ്. തെറ്റായ നയങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരെ തകര്‍ക്കാനാണ് ഫാസിസ്റ്റ് ശക്തികളുടെ നീക്കമെന്നും രാഹുല്‍ വിമര്‍ശിച്ചു.
ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് ഇംഫാലിലെ ലോക്കല്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകനായ കിഷോര്‍ ചന്ദ്രയെ അറസ്റ്റ് ചെയ്തത്. ബി.ജെ.പി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വിമര്‍ശിച്ചു എന്നതാണ് കുറ്റം. മോദിയുടെ കളിപ്പാവയായാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്നാണ് കിഷോര്‍ ഉന്നയിച്ച ഒരു വിമര്‍ശനം. ഝാന്‍സി റാണിയുടെ ജന്മദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ച ആര്‍.എസ്.എസിനെയും കിഷോര്‍ പോസ്റ്റില്‍ വിമര്‍ശിച്ചു. മണിപ്പൂരുമായി ഒരു ബന്ധവുമില്ലാത്ത പരിപാടി സംഘടിപ്പിച്ചതിനെതിരെ ആയിരുന്നു വിമര്‍ശനം. തീവ്രവാദ ആശയ പ്രചരണമാണിതെന്ന് ആരോപിച്ചാണ് കിഷോറിനെ കസ്റ്റഡിയിലെടുത്തത്
Post Your Comments