ബെംഗളൂരു: അമേരിക്കന്‍ ലേണിങ് പ്ലാറ്റ്ഫോം ആയ ഒസ്മോയെ സ്വന്തമാക്കിയതാണ് ബൈജൂസ് ആപ്പിന്റെ ഏറ്റവും പുതിയ നേട്ടം. 120 മില്യണ്‍ ഡോളറിനാണ് അമേരിക്കന്‍ കമ്പനിയെ ബൈജൂസ് ഇപ്പോള്‍ വാങ്ങിയിരിക്കുന്നത്. ഏതാണ്ട് 855 കോടി രൂപയ്ക്ക്! ബൈജൂസ് ആപ്പ് നടത്തിയിട്ടുള്ള അഞ്ചാമത്തെ അക്യുസിഷന്‍ ആണിത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ബൈജൂസ് ഇതുവരെ നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഏറ്റെടുക്കലും ഇത് തന്നെ ആണ്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ലേണിങ് ആപ്പ് ആയി മാറിക്കൊണ്ടിരിക്കുകയാണ് ബൈജൂസ്. മലയാളിയായ ബൈജു രവീന്ദ്രന്‍ ആണ് ബൈജൂസ് ലേണിങ് ആപ്പിന്റെ സ്ഥാപകന്‍. അഴീക്കല്‍ സ്വദേശിയാണ് ബൈജു. ബൈജൂസ് ആപ്പ് ഇപ്പോള്‍ അതിന്റെ മുന്നേറ്റങ്ങളിലെ മറ്റൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്.
അടുത്തിടെ നടന്ന മൂല്യ നിര്‍ണയത്തില്‍ ബൈജൂസിന്റെ മൂല്യം 3.6 മില്യണ്‍ ഡോളര്‍ ആയാണ് കണക്കാക്കിയിട്ടുള്ളത്. ഒസ്മോയ്ക്കും ഇന്ത്യന്‍ ബന്ധമുണ്ട്. ഇന്ത്യന്‍ വംശജനായ പ്രമോദ് ശര്‍മയാണ് ഒസ്മോയുടെ സ്ഥാപകന്‍. ഐ പാഡുകള്‍ക്കും ഐ ഫോണുകള്‍ക്കും വേണ്ടി ഓഗ്മെന്റഡ് റിയാലിറ്റി ഗെയിംസ് നിര്‍മിക്കുന്ന സ്ഥാപനം ആണിത്. ഒസ്മോ ഏറ്റെടുക്കുന്നതോടെ പുതിയൊരു തലത്തിലേക്കാണ് തങ്ങള്‍ കടക്കുന്നത് എന്നാണ് ബൈജൂസ് അവകാശപ്പെടുന്നത്. ഒസ്മോയുടെ ഫിസിക്കല്‍-ടു-ഡിജിറ്റല്‍ ടെക്നോളജി ഉപയോഗപ്പെടുത്തി ലേണിങ് ആപ്പ് കൂടുതല്‍ വിപുലപ്പെടുത്തും. മൂന്ന് മുതല്‍ എട്ട് വയസ്സുവരെ പ്രായമുള്ള കുട്ടികളേക്ക് കൂടി തങ്ങളുടെ മേഖല വിപുലപ്പെടുത്തുകയാണ് ലക്ഷ്യം. മാത്ത് അഡ്വഞ്ചര്‍, ട്യൂട്ടര്‍വിസ്റ്റ, എഡ്യുറൈറ്റ്, വിദ്യാര്‍ത്ഥ തുടങ്ങിയവയെ ആണ് ബൈജൂസ് നേരത്തെ ഏറ്റെടുത്തത്. അമേരിക്ക, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ബൈജൂസിന്റെ ലക്ഷ്യം. നിലവില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ബൈജൂസ് കരുത്ത് തെളിയിച്ചിട്ടുണ്ട്.
Post Your Comments